ആലപ്പുഴ:പോഷകാഹാരക്കുറവ് കാരണം രണ്ടുവയസുകാരൻ രാഹുൽ മരിക്കാൻ ഇടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷൻ സ്വമേധയാകേസെടുത്തു.
മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷനംഗം ടി.സി.ജലജമോളാണ് കേസെടുത്തത്. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണഓഫീസർ, ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു. രാഹുലിന്റെ സഹോദരങ്ങളെ സാമൂഹ്യനീതിവകുപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഹരിപ്പാട് കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകനായ രാഹുലിനെ കഴിഞ്ഞദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരിപാലനത്തിലെ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. ദുരൂഹത ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തൃക്കുന്നപ്പുഴ പൊലീസും ശിശുക്ഷേമസമിതിയും അന്വേഷണം ഊർജിതമാക്കി. മറ്റു കുട്ടികളുടെ സംരക്ഷണംഉറപ്പാക്കണമെന്ന് കാർത്തികപ്പള്ളി തഹസിൽദാർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഏഴാമത്തെ പ്രസവത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയ താരയും കുഞ്ഞും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |