
കോഴിക്കോട്: വഖഫ് ബോർഡിൽ പ്രാതിനിധ്യം നിഷേധിച്ചതിൽ ചില മുസ്ലീം സമുദായ സംഘടനകൾക്കുള്ളിൽ ഉയർന്ന പ്രതിഷേധം തണുപ്പിക്കാൻ മുസ്ലിംലീഗ് വിളിച്ച യോഗം കാന്തപുരം വിഭാഗം ബഹിഷ്കരിച്ചു. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കോഴിക്കോട് ലീഗ് ഹൗസിൽ യോഗം വിളിച്ചത്. കാന്തപുരം എ.പി വിഭാഗത്തിൽ നിന്ന് ആരും പങ്കെടുത്തില്ല.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി വിഭാഗം സുന്നികളുടെ എതിർപ്പ് രൂക്ഷമായ സാഹചര്യത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാമെന്ന നിർദ്ദേശം ലീഗ് മുന്നോട്ട് വച്ചെങ്കിലും വഖഫ് ബോർഡിന് പകരമാവില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് 22ന് പരസ്യ പ്രതിഷേധത്തിലേക്ക് പോകുമെന്ന് കാന്തപുരം വിഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യോഗത്തിൽ മുജാഹിദ്, ഇ.കെ സുന്നിവിഭാഗം, ജമാഅത്തെ ഇസ്ലാമി, എം.ഇ.എസ് നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു. വഖഫ് ബോർഡ് പുനഃസംഘടനയിൽ എ.പി വിഭാഗം സുന്നികൾക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതി ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |