
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാംഭർത്താവിനെ ഒഡീഷക്കാരിയായ യുവതി മകളുടെ സഹായത്തോടെ കൊലപ്പെടുത്തി എളമക്കര പുതുക്കലവട്ടത്തെ വീടിനുസമീപം റെയിൽവേ ട്രാക്കിൽ തള്ളി. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ ഗഞ്ചം ബഡഗഡരുഗ്മ സ്വദേശി അജീതാനായിക്കാണ് (31) വെള്ളിയാഴ്ച അർദ്ധരാത്രി അടിയേറ്റ് മരിച്ചത്. സംഭവത്തിനുശേഷം മകൾക്കൊപ്പം കേരളം വിടാനുള്ള ശ്രമത്തിനിടെ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. മകളെയും കസ്റ്റഡിയിലെടുത്തു.
41 കാരിയായ ഒഡീഷയുവതിയും അജീതാനായിക്കും 10 കൊല്ലമായി ഒരുമിച്ചാണ് താമസം. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി ഇയാൾക്കൊപ്പം കേരളത്തിൽ എത്തിയത്. ആദ്യ ബന്ധത്തിലെ രണ്ട് പെൺമക്കളും ഇവർക്കൊപ്പമാണ് താമസം. വീടുകളിൽ ശുചീകരണജോലിചെയ്താണ് ഇവരെല്ലാം ജീവിക്കുന്നത്. മൂത്തമകൾ പാലാരിവട്ടത്തുള്ള ഒരുവീട്ടിൽ താമസിച്ച് ജോലിചെയ്യുകയാണ്. ഇതിനിടെയാണ് യുവതിക്കൊപ്പം താമസിക്കുന്ന 16 കാരിയായ മകളെ ഇയാൾ പീഡിപ്പിച്ചുതുടങ്ങിയത്. യുവതിക്ക് മയക്കുമരുന്നുനൽകി ഉറക്കിക്കിടത്തി മകളെ പലതവണ പീഡിപ്പിച്ചതായാണ് സൂചന.
വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ചവിട്ടിവീഴ്ത്തി. തുടർന്ന് യുവതിയും മകളും ചേർന്ന് നെഞ്ചത്ത് കയറിയിരുന്ന് അടിക്കുകയും കഴുത്തിൽ ചവിട്ടുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായതോടെ പുലർച്ചെ ഒന്നോടെ കിടക്കവിരിയിൽ പൊതിഞ്ഞ് വീടിന് സമീപത്തെ ഇരട്ടപ്പാതയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രാക്കിൽതള്ളി. ട്രാക്കിനടുത്തിരുന്ന് മദ്യപിച്ചെന്ന് വരുത്താൻ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും സമീപം വച്ചു. തുടർന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങി.
പുലർച്ചെ 1.20ന് മറുവശത്തെ ട്രാക്കിലൂടെ പോയ തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്പ്രസ് ട്രെയിനിലെ ലോക്കോപൈലറ്റാണ് ഡൗൺലൈനിൽ മൃതദേഹം കണ്ട് ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം പൊലീസെത്തി മാറ്റുന്നതുവരെ രണ്ടുമണിക്കൂറോളം ഈ ട്രാക്കിൽ ട്രെയിനുകൾ കടത്തിവിട്ടില്ല.
മൃതദേഹത്തിൽ ട്രെയിനിടിച്ച പരിക്കുകൾ കാണാത്തതിനാൽ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ട്രാക്കിനുസമീപം താമസിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞ് വാടകവീട്ടിൽ എത്തിയപ്പോഴേക്കും യുവതിയും മകളും കടന്നിരുന്നു. ഫോണിൽവിളിച്ചപ്പോൾ ജോലിസ്ഥലത്താണെന്നായിരുന്നു മറുപടി. പിന്നീട് ഫോണെടുത്തില്ല. സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഇടപ്പള്ളി റെയിൽവേസ്റ്റേഷൻ പരിസരത്തുണ്ടെന്ന് കണ്ടെത്തി. ട്രെയിൻ ഇല്ലാത്തതിനാൽ ഇരുവരും ചളിക്കവട്ടത്ത് ഒഡീഷ സ്വദേശികൾ താമസിക്കുന്നിടത്തേക്ക് പോയിരുന്നു. അവിടെനിന്നാണ് യുവതിയെ ഇന്നലെ ഉച്ചയോടെ അറസ്റ്റുചെയ്തത്. മകളെ പിന്നീട് കസ്റ്റഡിയിലെടുത്തു. എളമക്കര എസ്.എച്ച്.ഒ പി. പ്രമോദ്, എസ്.ഐമാരായ ടി.എ. അഫ്സൽ, സീനിയർ സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ ചിഞ്ചു, അനൂപ്രാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.
*പ്ലീഹയും വാരിയെല്ലും തകർന്നു
പ്ലീഹയും വാരിയെല്ലും തകർന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തൈറോയിഡ് ഗ്രന്ധിക്കും സാരമായ പരിക്കേറ്റു. ഇന്നലെ രാത്രിയാണ് പൊലീസിന് പോസ്റ്റ്മോർട്ടം ഫലം കിട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |