SignIn
Kerala Kaumudi Online
Thursday, 10 September 2026 1.32 AM IST

രണ്ട് മുൻ ഹൈക്കോടതി ജഡ്‌ജിമാരെ സർക്കാർ പാനലിൽ നിന്നൊഴിവാക്കി

court

ന്യൂഡൽഹി: കേരള ഹൈക്കോടതിയൽ നിന്ന് റിട്ടയർ ചെയ്‌തതിനു ശേഷം സുപ്രീം കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന രണ്ട് മുൻ ജഡ്‌ജിമാരെ സർക്കാർ പാനലിൽ നിന്ന് ഒഴിവാക്കി. മുതിർന്ന അഭിഭാഷകരായ വി. ചിദംബരേഷ്, പി.എൻ. രവീന്ദ്രൻ എന്നിവരെ ഒഴിവാക്കിയത് ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനാലാണെന്നാണ് സൂചന.

സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകാനുള്ള മുതിർന്ന അഭിഭാഷകരുടെ പാനൽ സംസ്ഥാന മന്ത്രിസഭ ഇന്നലെ അംഗീകരിച്ചപ്പോൾ സി.പി.എം അനുഭാവികളും പുറത്തായി. ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി പി.വി. സുരേന്ദ്രനാഥ്, ഇടതു സഹയാത്രികനായ പി.വി. ദിനേശ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരെല്ലാം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാനലിലുണ്ടായിരുന്നു. അതേസമയം, ലാവലിൻ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹർജി സമർപ്പിച്ച കോൺഗ്രസ് നേതാവ് വി.എം. സുധീരന് വേണ്ടി ഹാജരായ ദേവദത്ത് കാമത്തിനെ ഉൾപ്പെടുത്തി. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി, വി. ഗിരി, ജയ്‌ദീപ് ഗുപ്‌ത, ആർ. ബസന്ത്, സിദ്ധാർത്ഥ് ലൂത്ര, ഷാജി പി. ചാലി, റോമി ചാക്കോ, സി.എസ്. വൈദ്യനാഥൻ, മുകുൾ റോത്തഗി, രാഗേന്ദ് ബസന്ത് തുടങ്ങി 33ൽപ്പരം മുതിർന്ന അഭിഭാഷകരുടെ പേരുകളാണ് മന്ത്രിസഭ ഇന്നലെ അംഗീകരിച്ചത്.

മുല്ലപ്പെരിയാർ

ടീം വിപുലമാക്കി

മുല്ലപ്പെരിയാർ കേസിൽ ഹാജരാകാനുള്ള അഭിഭാഷകരുടെ സംഘത്തെ വിപുലീകരിച്ചു. നേരത്തെ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. റോയ് എബ്രഹാമിനെ കേരളത്തിന്റെ സ്‌പെഷ്യൽ കൗൺസലായി നിയമിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ മോഹൻ വി. കട്ടാർകിയെയും നിയോഗിച്ചിരുന്നു. ഇതിനു പുറമെ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത,സുപ്രീംകോടതിയിലെ സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസൽ ജെയിംസ് പി. തോമസിനെയും സംഘത്തിലുൾപ്പെടുത്തി. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ സുപ്രീംകോ‌ടതിക്കു പുറമെ ട്രൈബ്യൂണലുകളിലും ഇവർ ഹാജരാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA