
കൊച്ചി: ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ നഷ്ടപ്പെട്ട 3,73,000 രൂപ അക്കൗണ്ട് ഉടമയ്‌ക്ക് നാലാഴ്ചയ്ക്കകം പൊതുമേഖലാ ബാങ്ക് തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂർ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ടി.എൽ. രമാദേവിയുടെ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. 2019 ജൂലായിലാണ് എ.ടി.എം കാർഡ് ബ്ലോക്ക് ആകുമെന്ന് കാണിച്ച് രമാദേവിക്ക് വ്യാജ എസ്.എം.എസും ഫോൺ കോളും ലഭിച്ചത്. ആപ്പ് രജിസ്ട്രേഷനായി ഒ.ടി.പി കൈമാറിയതിന് പിന്നാലെ ഹർജിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് 3,73,000 രൂപ നഷ്ടപ്പെട്ടു. ഉടൻ ബാങ്ക് കസ്റ്റമർ കെയറിലും മട്ടന്നൂർ പൊലീസിലും പരാതി നൽകി. പണം ബാങ്കിൽ നിന്ന് തിരികെ ലഭ്യമാക്കണമെന്ന അപേക്ഷ, ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബാങ്കിംഗ് ഓംബുഡ്സ്മാൻ തള്ളി. എന്നാൽ, തട്ടിപ്പ് വിവരം ഉടനടി ബാങ്കിനെ അറിയിച്ച സാഹചര്യത്തിൽ ഉപഭോക്താവിന് പൂർണ സംരക്ഷണത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |