SignIn
Kerala Kaumudi Online
Monday, 14 September 2026 1.09 AM IST

ശാസ്ത്രീയ തെളിവുകൾ ആയുധം : വേറിട്ട കുറ്റാന്വേഷകന് വിട  

johnson

തിരുവനന്തപുരം: തെളിവുകളില്ലാത്ത നിരവധി കൊലക്കേസുകൾക്ക് തുമ്പുണ്ടാക്കിയ പ്രഗത്ഭനായ കുറ്റാന്വേഷകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ.കുറ്റാന്വേഷണത്തിൽ പേരെടുത്ത മികച്ച ഉദ്യോഗസ്ഥൻ. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിൽ വ്യത്യസ്തൻ.

തിരുവനന്തപുരം റൂറൽ പോലീസിൽ സേവനമനുഷ്ഠിക്കവെ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ജനകീയനായി മാറി. നാടിനെ നടുക്കിയ പാറശാല ഷാരോൺ വധക്കേസിലെ ദുരൂഹതകൾ പുറത്തു കൊണ്ടു വന്നത് ജോൺസണായിരുന്നു. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി യുവാവിനെ വക വരുത്തിയ കേസ് തുടക്കത്തിൽ സാധാരണ മരണമെന്നാണ് കരുതപ്പെട്ടിരുന്നത്. മൊഴികളിലെ വൈരുദ്ധ്യവും ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയമായി വിശകലനം ചെയ്താണ് കൊലപാതമാണെന്ന് അദ്ദേഹം തെളിയിച്ചത്.

പൂവാറിൽ 11 വർഷം മുൻപ് അമ്മയെയും മകളെയും കാണാതായ സംഭവം കടലിൽ തള്ളി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതും ജോൺസണിന്റെ അന്വേഷണത്തിലായിരുന്നു. കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർ ഹാജിയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിയിച്ചതാണ് അന്വേഷണ മികവിനുള്ള ഏറ്റവും വലിയ തെളിവ്. 'പാത്തൂട്ടി'യുടെ ആത്മാവെന്ന പേരിൽ ഉറഞ്ഞു തുള്ളി നാടിനെ ഭയപ്പെടുത്തിയ ജിന്നുമ്മ എന്ന ഷെമീനയെയും സംഘത്തെയും അഴിക്കുള്ളിലാക്കി. ആഭിചാര ക്രിയകളുടെ മറവിൽ 596 പവൻ സ്വർണം തട്ടിപ്പറിച്ച് ഭിത്തിയിലിടിച്ചാണ് ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഒന്നര വർഷത്തെ പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം പ്രതികളെ കുടുക്കിയത്.

ശാസ്ത്രീയ തെളിവുകൾ ആയുധമാക്കിയതിനാൽ, ജോൺസൺ അന്വേഷിച്ച ഒരു കേസും വിചാരണ വേളയിൽ കോടതികളിൽ തകർന്നു വീണില്ല. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും അദ്ദേഹം വിജയിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ആർജ്ജിച്ചെടുത്ത ജനകീയ അടിത്തറയും രാഷ്ട്രീയ ബോധവുമായിരുന്നു ജോൺസണിലെ കുറ്റാന്വേഷകന്റെ ഊർജ്ജം. തിരുവനന്തപുരം വഞ്ചിയൂരിൽ എസ്.ഐയും വലിയതുറയിൽ സി.ഐയുമായിരുന്നു. . ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ ആന്റ് ജൻഡർ ജസ്റ്റിസ് അസിസ്റ്റന്റ് കമ്മിഷണറായിരിക്കെയാണ് അന്ത്യം. .കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DYSP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA