
വിശാല സംസ്ഥാന സമിതിക്ക് ഇന്ന് സമാപനം
കോഴിക്കോട്: സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ ഇ.ഡിക്കെതിരെ പ്രമേയം കൊണ്ടു വരാനും , ചർച്ചയുടെ ദിശ മാറ്റാനുമുള്ള പിണറായി പക്ഷത്തിന്റെ നീക്കം പാളി. ചർച്ച പൂർത്തിയായപ്പോൾ, തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് മാത്രം ചർച്ച കേന്ദ്രീകരിക്കാനായതിൽ കേന്ദ്ര നേതൃത്വത്തിനും ആശ്വസിക്കാം. യോഗം റാലിയോടെ ഇന്ന് സമാപിക്കും.
ചർച്ച ഒരു തരത്തിലും വഴി മാറ്റാൻ അനുവദിക്കില്ലെന്നായിരുന്നു കേരളത്തിന് പുറത്തു നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നിലപാട്. തമിഴ്നാട്ടിൽ നിന്നുള്ള കെ.ബാലകൃഷ്ണൻ കൂടി ഇന്നലെയെത്തിയതോടെ , പുറത്തു നിന്നുള്ള 5 പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ നിരീക്ഷണത്തിലായി ചർച്ച. ഭയവും സമ്മർദ്ദവുമില്ലാതെ ചർച്ചകളിൽ പങ്കെടുക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇതോടെ, നേതൃത്വത്തിനെതിരെ അടക്കി നിറുത്തിയ അമർഷവും പ്രതിഷേധവും അണ പൊട്ടി. കണ്ണൂർ ജില്ല തുടങ്ങി വച്ച വിമർശനം മറ്റു ജില്ലകളും ഏറ്റെടുത്തതോടെ നേതൃത്വം കടുത്ത പ്രതിരോധത്തിലായി. വർഷങ്ങളായി ചോദ്യം ചെയ്യപ്പെടാതിരുന്ന പിണറായി വിജയനും രൂക്ഷ വിമർശനത്തിനിരയായി. ഒന്നാം പ്രതി നേതൃത്വം തന്നെയെന്ന് കോഴിക്കോട് ഒഴികെയുള്ള ജില്ലകൾ കുറ്റപ്പെടുത്തി. തോൽവിയുടെ ഉത്തരവാദിത്വവും പാപഭാരവും കീഴ്ഘടകങ്ങളുടെ തലയിൽ വച്ച് തടിയൂരാനുള്ള നേതൃനീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
ആവശ്യമെങ്കിൽ ചർച്ചകൾക്ക് ശേഷം പ്രമേയത്തിന്റെ കാര്യം പരിഗണിക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സമിതി യോഗം ചേരും. തിരുത്തലുകൾക്ക് ഇന്നലെ രാത്രി സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നൽകിയിരുന്നു. സംസ്ഥാന സമിതി ഇത് പരിഗണിക്കും. വിപുലീകൃത സംസ്ഥാന സമിതി യോഗം തിരുത്തലുകൾക്ക് അംഗീകാരം നൽകും. കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |