SignIn
Kerala Kaumudi Online
Sunday, 20 September 2026 2.07 AM IST

ഇ.ഡി കത്തിൽ നടപടി: പിണറായിയെ തിരക്കി എസ്.ഐ.ടി വന്നേക്കും

READ ENGLISH VERSION
aa


#അന്വേഷണത്തിൽ തീരുമാനം നാളെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ കേസ് എടുക്കണമെന്ന ഇ.ഡിയുടെ കത്തിൽ സർക്കാരിന്റെ തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കും. നേരിട്ട് കേസ് എടുക്കാമെന്നാണ് നിയമോപദേശമെങ്കിലും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം, പ്രത്യേക സംഘത്തിന്റെ അന്വേഷണം എന്നിവയാണ് പരിഗണനയിൽ. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനാണ് സാധ്യത.

ഏത് അന്വേഷണവും സർക്കാരിന് തീരുമാനിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയിരിക്കുന്ന നിയമോപദേശം. ഡൽഹിയിലുള്ള മുഖ്യമന്ത്രി ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇ.ഡിയുടെ കത്തിൽ ഹവാല രേഖകൾ ഉണ്ടെങ്കിലും രാഷ്ട്രീയ പ്രത്യാഘാതവും പരിഗണിച്ചാകും തീരുമാനം. ഇ.ഡി ആവശ്യപ്പെട്ടപോലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് കടന്നുവരാൻ അവസരം ഉണ്ടാകും. ഇത് ഒഴിവാക്കണമെന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ നിലപാട്. ബി.ജെ.പി-കോൺഗ്രസ് ഡീലായി സി.പി.എം പ്രചരിപ്പിക്കുമെന്നാണ് വാദം.

രണ്ടു മന്ത്രിമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് സി.പി.എം ഭീഷണി മുഴക്കിക്കഴിഞ്ഞു. സി.പി.എമ്മിനെ ലക്ഷ്യവച്ചുള്ള നീക്കമെന്നാണ് ജനറൽ സെക്രട്ടറി എം.എ.ബേബി ആരാേപിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുതിർന്ന സി.പി.എം നേതാവ് എ.കെ.ബാലൻ വെല്ലുവിളിച്ചു. സർക്കാരിനെ സമ്മർദ്ദത്തിലാക്കി തടയാനാണ് സി.പി.എം ശ്രമം.

വിജിലൻസ്, എസ്.ഐ.ടി

അന്വേഷണം വ്യത്യസ്തം

വിജിലൻസിനെ ഏല്പിച്ചാൽ ഇ.ഡിയുടെ കത്തിലെ കാര്യങ്ങൾ പരിശോധിച്ച് പിണറായി വിജയൻ, പി.എ.മുഹമ്മദ് റിയാസ്, ടി.വീണ എന്നിവരുടെ മൊഴിയെടുക്കും.ഒത്തുനോക്കി കഴമ്പുണ്ടെന്ന് ബോധ്യമായാൽ മാത്രമേ തുടർ നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ. റെയ്ഡ് ഇല്ല. എഫ്.ഐ.ആർ സാധ്യത വിരളം.

# എസ്.ഐ.ടിയെ ഏല്പിച്ചാൽ, വിശദമായി ഏല്ലാവശങ്ങളും സ്വന്തം നിലയിൽ അന്വേഷിക്കാം. മൊഴിയെടുക്കാം. ഇപ്പോൾ എഫ്. ഐ.ആർ വേണമെന്നില്ല. പിണറായിയുമായും മുഹമ്മദ് റിയാസുമായും വീണയുമായും ബന്ധപ്പെട്ട് എവിടെയും റെയ്ഡ് നടത്താം.

# ഇ.ഡി.പറഞ്ഞ വഴിയേ നീങ്ങിയെന്ന ആക്ഷേപം തടയാം. സി.പി.എമ്മിന് ക്ളീൻ ചിറ്റ് കിട്ടുകയുമില്ല.

ഈ സാഹചര്യത്തിലാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണവും പ്രത്യേക സംഘത്തിന്റെ അന്വേഷണവും പരിഗണിക്കുന്നത്.

വിഷയത്തിൽ പരിശോധന നടത്തുകയും കൂടുതൽ തെളിവുകൾ കണ്ടെത്തുകയുമാണ് ലക്ഷ്യം. പിണറായി വിജയൻ, പി.എ.മുഹമ്മദ് റിയാസ്, ടി.വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം മറ്റുനടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് ധാരണ. ലാവ്ലിൻ കേസുപോലെ മറ്റൊരു അന്വേഷണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന പ്രതിരോധം സി.പി.എം ഉയർത്തിക്കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA