SignIn
Kerala Kaumudi Online
Sunday, 27 September 2026 1.32 AM IST

ഒരു എഴുന്നെള്ളത്തിന് രാമചന്ദ്രന് 6.7 ലക്ഷം!, തുക റെക്കാഡ്

kk

തൃശൂർ: അഴകിന്റെ തമ്പുരാനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവ എഴിന്നള്ളത്തിന് ചാവക്കാട് വിശ്വനാഥ ക്ഷേത്രം ലേലത്തിൽ സ്വന്തമാക്കിയത് 6.75 ലക്ഷത്തിന്. ഒരാനയ്ക്ക് ഇന്നേ വരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന തുക! മൂന്ന് ലക്ഷമാണ് രാമചന്ദ്രന് ഇതിനു മുമ്പ് കിട്ടിയ ഉയർന്ന തുക.

ഈ മാസം 25 മുതൽ 28 വരെയുള്ള ഉത്സവത്തിനായി തൃശൂർ, പാലക്കാട് ജില്ലകളിലെ 35 ക്ഷേത്രക്കമ്മിറ്റികളാണ് ലേലത്തിൽ പങ്കെടുത്തത്. 27ന് മാത്രമാണ് രാമചന്ദ്രനെ എഴുന്നള്ളിക്കുക. വൈകിട്ട് മൂന്നിന് എഴുന്നള്ളിപ്പിൽ തിടമ്പാനയുടെ വലതു ഭാഗത്ത് രാമചന്ദ്രനെ നിറുത്തും. രാത്രി 8.30ന് മടങ്ങും.

മറ്റ് ആനകളേക്കാൾ ചെലവുണ്ട് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിന്. പത്ത് അംഗങ്ങളുള്ള എലിഫന്റ് സ്‌ക്വാഡ്, ആംബുലൻസ്, ആനത്തൊഴിലാളികൾ എന്നിവരുടെ ചെലവും ദേവസ്വം വഹിക്കണം.

2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച രാമചന്ദ്രൻ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞ് രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വിലക്കേർപ്പെടുത്തി. എലിഫന്റ് മോണിറ്ററിംഗ് കമ്മിറ്റി വിലക്ക് നീക്കിയതോടെ കഴിഞ്ഞദിവസം ചൂരക്കാട്ടുകര ചീരക്കുഴി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിച്ചിരുന്നു. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് എഴുന്നള്ളിക്കാൻ അനുമതിയുള്ളത്.

എന്തൊരു ചന്തം

 317 സെന്റീമീറ്റർ ഉയരം. ഉടൽനീളം 340 സെന്റീമീറ്റർ
 കേരളത്തിൽ തലപ്പൊക്കത്തിലും ലക്ഷണങ്ങളിലും വമ്പൻ
 ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും
 വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ

ആരാധകരിലും ഒന്നാമൻ

ഫേസ്ബുക്ക് അക്കൗണ്ടും നിരവധി ഫാൻസ് ഗ്രൂപ്പുകളുമുള്ള കൊമ്പനാണ് രാമചന്ദ്രൻ. തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിന്റെ അഴക്. ഏഷ്യയിലെ മറ്റൊരാനയ്ക്കും രാമചന്ദ്രന്റെ ഉയരമില്ലെന്നാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം പറയുന്നത്. 1982ലാണ് ബീഹാറിലെ ആനച്ചന്തയിൽ നിന്ന് കേരളത്തിലെത്തിയത്. അന്ന് 13 വയസ്. മോട്ടിപ്രസാദ് എന്നായിരുന്നു പേര്. 1984ൽ തെച്ചിക്കോട്ട് ദേവസ്വം വാങ്ങുകയായിരുന്നു.

അഴകിലും ലക്ഷണങ്ങളിലുമെല്ലാം രാമചന്ദ്രൻ ഒന്നാമൻ തന്നെയാണ്.

ഡോ.പി.ബി.ഗിരിദാസ്
ആനചികിത്സാ വിദഗ്ദ്ധൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA