
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഇ- ഫയലുകൾ 2.76 ലക്ഷം. വിവിധ വകുപ്പുകളിലായി ലക്ഷക്കണക്കിന്. കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാൻ 'ജനസ്പർശം' എന്ന പേരിൽ ഫയൽ അദാലത്തിന് സർക്കാർ. ഈ മാസം 15 മുതൽ ഡിസംബർ 31വരെയാണ് അദാലത്തെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫയൽ നീക്കത്തിലും തീരുമാനമെടുക്കുന്നതിലുള്ള പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ 100ദിന കർമ്മ പദ്ധതി ഇന്നലെ പൂർത്തിയായതിനു പിന്നാലെയാണ് ഫയൽ അദാലത്ത് പ്രഖ്യാപിച്ചത്. അദാലത്തിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്നതും വേഗത്തിൽ തീർപ്പാക്കേണ്ടതുമായ ഫയലുകൾക്കാണ് മുൻഗണന.
വകുപ്പ് തലത്തിലായിരിക്കും അദാലത്ത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാകും നടപടി. ഇതിനായി മന്ത്രിമാരുടെയും വകുപ്പുതലത്തിലും യോഗം വിളിക്കും. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് വകുപ്പുകൾക്ക് കൈമാറും. വിവിധ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. തീർപ്പാക്കലിലെ പുരോഗതി ജനങ്ങളെ അറിയിക്കും. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്നത് 2.43 ലക്ഷത്തിലധികം ഫയലുകളാണ്.
വഴിപാടാകില്ല,
പുതിയ രീതി വരും
1.ഫയലുകൾ വഴിപാടു പോലെ തീർപ്പാക്കില്ല. ഓരോ ഫയലുകളിലുള്ള വിഷയങ്ങളെന്താണ്, എന്തുകൊണ്ടാണ് കെട്ടിക്കിടക്കാൻ കാരണമായത്, തടസമെന്താണ്, ഭാവിയിൽ കാലതാമസം വരാതിരിക്കാനുള്ള നടപടി എങ്ങനെയാകണം എന്നെല്ലാം പഠിക്കും
2.കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കിയാൽ പിന്നീട് ഫയലുകളിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ പുതിയ രീതി കൊണ്ടുവരും. സംവിധാനത്തിന്റെ കുറവുകൾ പരിഹരിക്കാൻ നടപടിയെടുക്കും
3.ഒരേ വിഷയത്തിൽ ഒന്നിലധികം ഫയലുകൾ വിവിധ വകുപ്പുകളിലേക്ക് പോവുന്നുണ്ട്. നയപരമായ തീരുമാനമുള്ളവ അണ്ടർസെക്രട്ടറി തലത്തിൽ തീർപ്പാക്കും. ഫയൽനീക്കത്തിലെ സംവിധാനങ്ങളിൽ മാറ്റംവരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |