ശാസ്താംകോട്ട സ്വദേശിയുടെ മൃതദേഹം അജ്മാനിൽ
കൊച്ചി: ഒന്നര വർഷമായി യു.എ.ഇ അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി റോബർട്ട് ഫ്രാൻസിസ് സഹായന്റെ(71) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ ഹൈക്കോടതി ഉത്തരവ്. ബന്ധുക്കൾ തമ്മിലുള്ള തർക്കം കാരണം സംസ്കാരം വൈകുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. നാട്ടിലെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അടിയന്തരമായി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അവിവാഹിതനായ റോബർട്ട് സഹായൻ 2025 മാർച്ച് 26നാണ് യു.എ.ഇയിൽ ജീവനൊടുക്കിയത്. കുടുംബകല്ലറയിൽ സംസ്കരിക്കണമെന്ന് സഹോദരീപുത്രി മേരി വിക്ടോറിയ ആവശ്യപ്പെട്ടപ്പോൾ, സംസ്കാരം യു.എ.ഇയിൽ മതിയെന്നായി പുനെയിൽ താമസിക്കുന്ന അനന്തരവൻ ജോൺസൺ ഫിലിപ്സ്. കോൺസുലേറ്റിന് മുന്നിലെത്തിയ ഈ തർക്കമാണ് മൃതദേഹം അജ്മാനിലെ ഷെയ്ക് ഖലീഫ ഫോറൻസിക് ലാബിൽ കുടുങ്ങാൻ കാരണമായത്. ആർക്കാണ് അർഹതയെന്ന് വിലയിരുത്താൻ നോർക്കയെ ചുമതലപ്പെടുത്തിയെങ്കിലും ആശയക്കുഴപ്പം തുടർന്നതോടെയാണ് മേരി ഹൈക്കോടതിയെ സമീപിച്ചത്.
മരിച്ചവർക്ക് അന്തസോടെയുള്ള സംസ്കാരത്തിന് അവകാശമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ബന്ധുക്കളും സമൂഹവും അത് നിഷേധിച്ചാൽ സർക്കാർ ഉത്തരവാദിത്വമെടുക്കണം. അല്ലാത്തപക്ഷം കോടതി ഇടപെടുമെന്നും വ്യക്തമാക്കി. മൃതദേഹത്തിന് ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലെന്നും മരണം എല്ലാ വേർതിരിവുകളെയും ഇല്ലാതാക്കുന്നുവെന്നും കോടതി പറഞ്ഞു. സ്വത്തുതർക്കമുണ്ടെങ്കിൽ കോടതിയിൽ തീർപ്പാക്കാം. അതിനായി മൃതദേഹത്തെ അപമാനിക്കുകയല്ല വേണ്ടത്.
വിഷയം നവംബർ 26ന് വീണ്ടും പരിഗണിക്കും.
കോടതി നിർദ്ദേശങ്ങൾ:
* മൃതദേഹം എത്തിക്കുന്നതിനും ഏറ്റുവാങ്ങുന്നതിനുമുള്ള ചെലവ് തത്ക്കാലം ഹർജിക്കാരിയായ മേരി വിക്ടോറിയ വഹിക്കണം.
* ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളിയിൽ മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താം.
* നാട്ടിലെത്തിച്ചാൽ നാല് ദിവസത്തിനകം സംസ്കാരം പൂർത്തിയാക്കണം.ജോൺസൺ ഫിലിപ്സിനും താല്പര്യമുണ്ടെങ്കിൽ പങ്കെടുക്കാം.
* ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തെക്കുംഭാഗം, ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടിയെടുക്കണം.
* സംസ്കാരം വരെ മൃതദേഹം സൂക്ഷിക്കുന്നതിന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ സൗകര്യമൊരുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |