കൊല്ലം: പാരിപ്പള്ളി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാറോടിച്ചുകയറ്റിയ മൂന്നുപേരെ പൊലീസ് പിടികൂടി. പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന ഇടത്തേക്കാണ് ഇവർ കാറോടിച്ചുകയറ്റിയത്. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും വാതക ചോർച്ച സംഭവിക്കാത്തതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. പരവൂർ കലയ്‌ക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിട്ടിരിക്കുമ്പോഴായിരുന്നു അതിവേഗത്തിൽ എത്തിയ കാർ ടാങ്കറുകൾക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്.ഗേറ്റിലും മറ്റും ഇടിച്ച് പാഞ്ഞ കാർ ടാങ്കറുകളിലും ഇടിച്ചു. എന്നാൽ വാൽവുകളിൽ തട്ടാത്തതിനാൽ വാതകച്ചോർച്ച ഉണ്ടായില്ല. കാറിന്റെ മരണപ്പാച്ചിൽ കണ്ട് സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും അവർക്ക് തടയാനായില്ല. ഒടുവിൽ കാർ നിന്നതോടെയാണ് മൂവരെയും പിടികൂടിയത്.
15 മുതൽ 18 ടൺ വരെ പാചകവാതകം നിറച്ചിരുന്ന ടാങ്കറുകളാണ് യാഡിൽ കിടന്നിരുന്നത്. അതിനാൽത്തന്നെ വാതകച്ചോർച്ചയോ, പാചകവാതകം നിറച്ച ടാങ്കറിന് സമീപം ഉണ്ടാകുന്ന ചെറിയൊരു തീപ്പൊരിയോ പോലും വലിയ ദുരന്തത്തിന് വഴിവയ്ക്കാവുന്ന സാഹചര്യമായിരുന്നു. എന്നാൽ കാർ ഇടിച്ചുകയറി ടാങ്കറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതല്ലാതെ മറ്റുപ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. കാർ ഏറക്കുറെ പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അട്ടിമറി സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.
Police have arrested three people for driving a car into the high-security zone of the IOC bottling plant in Parippally. The car was driven into the area where LPG-filled bullet tankers were parked.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |