മകളുടെ വിവാഹത്തോട് അനുബന്ധിച്ച് നടൻ മമ്മൂട്ടി വീട്ടിലെത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നിൽ കേരളത്തിലെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമമാണ്. രാഷ്ട്രീയവും വ്യക്തിബന്ധവും വേറെയാണ്. ഞാൻ സന്തുഷ്ടനാണ്. സ്നേഹവും സൗഹൃദവും വലുതായതിനാലാണ് മമ്മൂട്ടിയെത്തിയത്. മുഖ്യമന്ത്രി വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, പിണറായി വിജയൻ തുടങ്ങിയവർ സുഹൃത്തുക്കളാണ്. നേരിട്ടുള്ള ക്ഷണപ്രകാരമാണ് അവരെത്തിയത്. വിവാഹത്തിനെത്താൻ കഴിയാത്തതിനാൽ മുൻമന്ത്രി ആർ.ബിന്ദു വൈകിട്ട് വീട്ടിലെത്തി. കേരളം ഒരുമിച്ച് പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് വിരോധം പ്രചരിപ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തകനാണെങ്കിലും രാഷ്ട്രീയവും വ്യക്തിബന്ധവും വ്യത്യസ്തമാണ്. സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണരേഖയില്ല. മഹാമനസ്കനായ മമ്മൂട്ടിക്ക് ഇത്തരം വിവാദങ്ങൾ വിഷയമല്ല.
ബി. ഗോപാലകൃഷ്ണൻ.
ബി.ജെ.പി നേതാവ്
ടെൻഡറില്ലാതെ വൈദ്യുതി
വാങ്ങിയതിൽ ദുരൂഹത
സ്വകാര്യ പ്ളാറ്റ്ഫോമിൽ നിന്ന് ടെൻഡർ ഇല്ലാതെ വൈദ്യുതി വാങ്ങുന്നതിൽ ദുരൂഹതയുണ്ട്. എന്തുകൊണ്ട് ടെൻഡർ വിളിച്ചില്ല, എന്തുകൊണ്ട് മറ്റ് വൈദ്യുതി ദാതാക്കളെ പരിഗണിച്ചില്ല. ആരെല്ലാം എത്രയെല്ലാം നിരക്കിൽ വൈദ്യുതി നൽകാൻ സന്നദ്ധരായി തുടങ്ങിയ വിവരങ്ങളും ജനങ്ങളറിയണം. ജി.എൻ.എ എന്ന സ്വകാര്യകമ്പനിയുടെ വൈദ്യുതിയാണ് വാങ്ങുന്നത്. ഇത് തീരുമാനിച്ചത് മുഖ്യമന്ത്രി സതീശനാണ്. എന്തുകൊണ്ടാണ് വൈദ്യുതിമന്ത്രി സണ്ണിജോസഫ് ഒന്നും മിണ്ടാത്തത്. ജി.എൻ.എ കമ്പനി മാർച്ച് വരെയാണ് വൈദ്യുതി നൽകുക. ഹിമാചൽ പ്രദേശ് സർക്കാർ ഏപ്രിൽ, മേയ് മാസങ്ങളിലും വൈദ്യുതി നൽകുമായിരുന്നു. വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കാനാകാത്ത വൈദ്യുതി മന്ത്രി ആ സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ല.
വി.മുരളീധരൻ
എം.എൽ.എ.
സെൻസർ ബോർഡിന്റെ
പുതുനിർദ്ദേശം പിൻവലിക്കണം
കഥാകൃത്തുക്കളുടെ ആശയസ്വാതന്ത്ര്യം, സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം, നിർമ്മാതാക്കളുടെ സൃഷ്ടിപരവും വാണിജ്യപരവുമായ അവകാശം എന്നിവ സംരക്ഷിക്കപ്പെടുന്ന ഭരണഘടനാവ്യവസ്ഥകൾക്ക് വിരുദ്ധമാണ് സെൻസർ ബോർഡിന്റെ പുതിയ ഉത്തരവ്. മൗലികാവകാശങ്ങളെ ഉത്തരവിലൂടെ ഏകപക്ഷീയമായി നിയന്ത്രിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. സിനിമയുടെ പേരിൽ മാറ്റം നിർദ്ദേശിക്കാനുള്ള വ്യവസ്ഥ സ്വാഭാവിക സർഗാത്മകപ്രക്രിയയെ തടസപ്പെടുത്തും. പേര് രജിസ്റ്റർ ചെയ്യുകയും പരസ്യപ്രചാരണത്തിനും വിതരണത്തിനും വൻതുക ചെലവഴിക്കുകയും ചെയ്ത സിനിമകളിൽ അവസാനഘട്ടത്തിൽ ഇടപെടുന്നത് വ്യവസായത്തെ തകർക്കും. പുതിയ നിർദ്ദേശം പുനഃപരിശോധിച്ച് വിവാദ വ്യവസ്ഥകളുടെ നടപ്പാക്കൽ നിറുത്തിവയ്ക്കണം. രാജ്യത്തെ മുഴുവൻ ചലച്ചിത്രപ്രവർത്തകരുടെയും ഭരണഘടനാപരമായ അവകാശങ്ങളും തൊഴിൽസ്വാതന്ത്ര്യവും ഉറപ്പാക്കണം.
എൻ.കെ.പ്രേമചന്ദ്രൻ
എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |