
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷവിമർശനം. സംസ്ഥാനത്ത് നേരിട്ട പരാജയത്തിന് കാരണം പിണറായി വിജയന്റെ ധാർഷ്ട്യമാണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും വിമർശനം ഉയർന്നു. പെരുമാറ്റ ശൈലി പലപ്പോഴും ജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയൻ തുടരുന്നത് ശരിയല്ല എന്നതടക്കമുള്ള വിമർശനങ്ങൾ നേതൃയോഗങ്ങളിൽ ഉയർന്നു.
വീട്ടിൽ പോയി പറയുന്നതിന് പല അർത്ഥങ്ങളുണ്ട്. ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞു. പിണറായിക്ക് മാത്രം പ്രായപരിധിയിൽ ഇളവ് നൽകിയത് എന്തിനെന്ന ചോദ്യവും സെക്രട്ടറിയേറ്റിൽ ഉയർന്നു. സംസ്ഥാന സമിതി അംഗങ്ങളെപ്പോലും മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. പിന്നെ പിണറായിക്ക് മാത്രം എന്ത് യോഗ്യതയാണുള്ളത്. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന വിമർശനവും ഉയർന്നു. എന്നാൽ ഇതിനെ പ്രതിരോധിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി. പിണറായി അല്ലാതെ മറ്റാരെ ആക്കുമെന്നും സീനിയറായി വേറെ ആരുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും വിമർശനവും ഉയർന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നത്. ഇവിടെ സിഎം ഓഫീസിൽ സാധാരണക്കാരന് പ്രവേശിക്കാൻ സാധിക്കില്ല. മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരെ മാറിനിൽക്കാൻ പറയുമെന്ന വിമർശനം ഉയർന്നു. മന്ത്രിമാർക്കെതിരെ ഉയർന്ന വിമർശനത്തിൽ എംബി രാജേഷും വീണ ജോർജുമാണ് വിലയിരുത്തപ്പെട്ടത്. ഇരുവരും പൂർണപരാജയമാണെന്ന് യോഗം വിലയിരുത്തി. മന്ത്രിയുടെ ഓഫീസ് പൂർണ പരാജയമായിരുന്നു. സംഘടനാ ബോധമില്ലാത്തവരെ മന്ത്രിയാക്കരുതെന്ന് വീണക്കെതിരെ വിമർശനം ഉയർന്നു. പത്തനംതിട്ട ടൗണിൽ കാണാമെന്ന വീണയുടെ വെല്ലുവിളി ജനങ്ങളോടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |