
കൊച്ചി:സംസ്ഥാനത്തെ പൊലീസ് അസോസിയേഷനുകൾ പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡ്‌ഹോക് കമ്മിറ്റികളെ നിയോഗിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
സംഘടനകളുടെ എണ്ണം രണ്ടായി കുറയ്‌ക്കാനും അംഗത്വഘടന മാറ്റാനുമുള്ള ആഭ്യന്തരവകുപ്പിന്റെ ജൂലായ് 27ലെ ഉത്തരവിനെതിരെ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസിന്റെ ഉത്തരവ്.
പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ടായിരുന്നു സർക്കാർ ഉത്തരവ്. പകരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്.ഐ വരെയുള്ളവരെ
ഉൾപ്പെടുത്തി പൊലീസ് അസോസിയേഷനും, എസ്.ഐ മുതൽ എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പുനഃസംഘടിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇതോടെ ഓഫീസേഴ്‌സ് അസോസിയേഷൻ(കെ.പി.ഒ.എ) ഇല്ലാതാകുന്ന സ്ഥിതിയായിരുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന സംഘടനാരൂപീകരണ അവകാശങ്ങൾക്കും സംഘടനകളുടെ നിയമാവലിക്കും വിരുദ്ധമായി പൊലീസ് സംഘടനകളുടെ ഘടനയിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 1966ലെ പൊലീസ്(അവകാശ നിയന്ത്രണ)ചട്ടപ്രകാരം അസോസിയേഷനുകൾക്ക് അംഗീകാരം നൽകാനോ റദ്ദാക്കാനോ ഉള്ള അധികാരം പൊലീസ് മേധാവിക്കാണ്, സർക്കാരിനല്ല. ഇല്ലാതാക്കിയ അസോസിയേഷന്റെ അംഗത്വം, രേഖകൾ, ആസ്തി-ബാദ്ധ്യതകൾ, ബാങ്ക് ഫണ്ട് ഇതെല്ലാം മറ്റ് രണ്ട് അസോസിയേഷനുകൾക്കായി നൽകാനുള്ള ഉത്തരവിലെ നിർദ്ദേശം നിയമത്തിനും ബൈലാകൾക്കും വിരുദ്ധമാണെന്നും നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |