
കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ഉടമയുടെ മരണത്തിനിടയാക്കിയ ബെൻസ് കാർ ഓടിച്ച 17കാരന്റെ പിതാവും രണ്ടാം പ്രതിയുമായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജഡ്ജി പൊലീസ് അന്വേഷണവുമായി സഹകരിക്കണമെന്ന് നിർദ്ദേശിച്ചു. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റ് അനിവാര്യമല്ലെന്ന സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. സിറ്റിംഗ് ജഡ്ജിയായതിനാൽ നിയമനടപടികളിൽ നിന്ന് ഒളിച്ചോടാൻ സാദ്ധ്യതയില്ലെന്നും നിരീക്ഷിച്ചു.
മുൻകൂർ ജാമ്യംതേടി ജഡ്ജി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്. പൊലീസ് ചോദ്യം ചെയ്യുന്നത് കോടതി തടഞ്ഞിട്ടില്ല. സർക്കാരിന്റെ നിലപാട് തേടിയ കോടതി, ഹർജി വിശദവാദത്തിനായി നവംബർ 5ലേക്ക് മാറ്റി. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു, മക്കളായ ഭദ്രകീർത്തി, ഭരത് ശങ്കർ എന്നിവരെ കക്ഷിചേർത്തു.
സർക്കാരും ജയബാലകൃഷ്ണന്റെ കുടുംബവും മുൻകൂർ ജാമ്യത്തെ ശക്തമായി എതിർത്തു. ഹർജിക്കാരനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്തെന്ന് കോടതി ചോദിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഇത്രയും സമയം ചോദ്യം ചെയ്തതല്ലേയെന്നും ആരാഞ്ഞു. അപകടം അറിഞ്ഞ് എത്തിയ ഹർജിക്കാരൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കാറിൽ നിന്ന് ഔദ്യോഗിക ബോർഡ് ഇളക്കിമാറ്റിയെന്നും എതിർഭാഗം ആരോപിച്ചു. ഹർജിക്കാരൻ നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറുമെന്ന ആശങ്ക വേണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇനിയൊരു ഉത്തരവ് വരെ അറസ്റ്റ് വിലക്കുകയായിരുന്നു.
അറിഞ്ഞില്ലെന്ന് ജഡ്ജി
താൻ ഉറക്കത്തിലായിരുന്നപ്പോൾ മകൻ രഹസ്യമായി കാറെടുത്ത് പോയതാണെന്നും അപകടവിവരം ഫോൺ കോളിലൂടെയാണ് അറിഞ്ഞതെന്നുമാണ് ജഡ്ജിയുടെ വാദം. മോട്ടോർ വാഹന നിയമപ്രകാരം വാഹന ഉടമയെന്ന നിലയിലാണ് പ്രതിചേർത്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തിരുന്നുവെന്നും വീട് പരിശോധിച്ച് ലാപ്ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറിയിച്ചു. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയ കാര്യവും ചൂണ്ടിക്കാട്ടി.
രണ്ടാം ദിവസവും നിലപാട്
ആവർത്തിച്ച് ജഡ്ജി
പ്രത്യേക ലേഖകൻ
കൊച്ചി: ചേരാനല്ലൂരിൽ ആഡംബരക്കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച കേസിൽ 17കാരന്റെ പിതാവായ ജില്ലാ ജഡ്ജി ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ, തന്റെ അറിവോടെയല്ല മകൻ കാർ ഓടിച്ചതെന്ന മൊഴി ആവർത്തിച്ചു.
ബുധനാഴ്ച മൂന്നു മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ജഡ്ജിയോട് ഇന്നലെ രാവിലെ 11ന് വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുകയും അനുകൂല ഇടക്കാല ഉത്തരവ് ലഭിക്കുകയും ചെയ്തശേഷം ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞാണ് പൊലീസ് ക്ളബിൽ എത്തിയത്.
മകൻ ഡ്രൈവിംഗ് പഠിച്ചത് അറിഞ്ഞിട്ടില്ലെന്നും ഓടിക്കുന്നത് കണ്ടിട്ടില്ലെന്നും മൊഴി നൽകി. പുലർച്ചെ കാറുമായി മകൻ പുറത്തു പോയത് അറിഞ്ഞില്ല. അപകടമുണ്ടായ ശേഷമാണ് അറിഞ്ഞതെന്നും ജഡ്ജി ആവർത്തിച്ചതായാണ് വിവരം.
നിരാശ, നിയമ നടപടി
തുടരും: ഭദ്രകീർത്തി
ഹൈക്കോടതിയിലെ കേസിൽ നീതി ലഭിച്ചില്ലെന്നും നിരാശയുണ്ടെന്നും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു. നിയമ നടപടികൾ തുടരും. ഒരടി പിന്നോട്ടില്ല. ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ മാനിക്കുന്നു. ജഡ്ജിയാണ് പ്രതിഭാഗത്തുള്ളത്. ഇനി എന്ത് ചെയ്യാനാകുമെന്നത് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കും.
ചോദ്യം ചെയ്യലിനോട് ജഡ്ജി സഹകരിച്ചെന്നത് കോടതി കണക്കിലെടുത്തതായി കുടുംബത്തിന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്ത് പറഞ്ഞു. ഇടക്കാല ഉത്തരവാണ് പുറത്തുവന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |