
തിരുവനന്തപുരം: സഭാസമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ ശൂന്യവേളയിൽ സബ്മിഷനുകൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ നൽകിയ നിർദ്ദേശത്തെ തിരുത്തിയ മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ പിന്തുണ.
39 സബ്മിഷനുകൾക്കു പുറമെ സരൾ ബില്ലിന് 1811ഭേദഗതികൾകൂടിയുണ്ടെന്നും സഭ സമയത്ത് പിരിയേണ്ടത് അനിവാര്യമാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പല എം.എൽ.എമാരും ട്രെയിനിന് ടിക്കറ്റെടുത്തെന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ, സബ്മിഷൻ ഉന്നയിക്കുകയും ഉത്തരങ്ങൾ മേശപ്പുറത്ത് വയ്ക്കുകയും ചെയ്യാം. മറുപടി ഇപ്പോൾ തന്നെ എം.എൽ.എമാർക്ക് നൽകണം- സ്പീക്കർ നിർദ്ദേശിച്ചു. കുറേ എം.എൽ.എമാർ ഇതിനോട് വിയോജിച്ചു. എതിർപ്പുള്ളവരുടെ മാത്രം സബ്മിഷൻ അവതരിപ്പിക്കാമെന്നായി സ്പീക്കർ.
കൂടുതൽ സബ്മിഷനുള്ളപ്പോൾ അവതരിപ്പിച്ചതായി കണക്കാക്കുകയും ഒരു മണിക്കൂറിനകം രേഖാമൂലം അംഗങ്ങൾക്ക് മറുപടി നൽകുകയുമാണ് മുൻകാല പതിവെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. പ്രതിപക്ഷം യോജിച്ചാൽ അത്തരമൊരു തീരുമാനമെടുക്കണമെന്നും പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും കീഴ്‌വഴക്കവും അങ്ങനെയാണെന്നും ആ നില സ്വീകരിക്കുന്നതാവും നന്നാവുകയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പൊതുവികാരം പൂർണമായി അംഗീകരിക്കുന്നതായി സ്പീക്കർ അറിയിച്ചു.
സമയവിലക്ക് പാടില്ലെന്ന് ജി. സുധാകരൻ
നിയമസഭ സമ്മേളനം ഇത്ര മണിക്ക് അവസാനിപ്പിക്കണമെന്ന് ഏത് നിയമത്തിലാണ് പറയുന്നതെന്നും അങ്ങനെ പറയാൻ പാടില്ലെന്നും അതിന് ആർക്കും അധികാരമില്ലെന്നും ജി.സുധാകരൻ പറഞ്ഞു. ഗൗരിയമ്മയുടെ നേതൃത്വത്തിൽ വെളുപ്പിന് മൂന്നുവരെ നിയമനിർമ്മാണം നടന്ന സഭയാണിതെന്നും സുധാകരൻ പറഞ്ഞു. ജി. സുധാകരൻ സീനിയറായ ആളാണെന്നും തന്റെ കൂടെ പഠിച്ചയാളാണെന്നും നമ്മൾ ഒരേ സിലബസിൽ പഠിച്ചവരാണെന്നും സ്പീക്കർ പറഞ്ഞു. പൊതുസമവായ പ്രകാരം മുന്നോട്ടു പോവാം. തർക്കിക്കാനില്ല. അജൻഡ തീരുമ്പോൾ സഭ അവസാനിക്കുമെന്നും അജൻഡ തീർത്തേ അവസാനിപ്പിക്കൂവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സഭയിൽ അലസമായി നടക്കുന്നത് സമൂഹം കാണുന്നുണ്ടെന്നും പലവട്ടം പറഞ്ഞിട്ടും അത് ഫലപ്രാപ്തിയിലെത്തുന്നില്ലെന്ന ദുഃഖം തനിക്കുണ്ടെന്നും അതിനിടെ സ്പീക്കർ ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |