SignIn
Kerala Kaumudi Online
Friday, 30 October 2026 1.44 AM IST

ലോക കേരളസഭയ്ക്ക് പകരം ഉടനെന്ന് മുഖ്യമന്ത്രി  സഭയിൽ പ്രതിപക്ഷ വാക്കൗട്ട്

a

തിരുവനന്തപുരം: ലോകകേരള സഭ പിരിച്ചുവിട്ടത് ഏതെങ്കിലും പ്രവാസി സംഘടനകളുമായോ പ്രവാസി സമൂഹവുമായോ ആശയവിനിമയം നടത്തിയശേഷമല്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ലക്ഷ്യം നിറവേറാതിരിക്കുകയും ഒരു ശുപാർശയും നടപ്പാക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോക കേരളസഭ പിരിച്ചുവിട്ടതെന്നും പകരം ഫലപ്രദമായ സംവിധാനം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. പ്രവാസികളോടുള്ള അവഗണനയെപ്പറ്റി കെ.കെ.വത്സരാജിന്റെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവേയായിരുന്നു വാദപ്രതിവാദം.

പകരം സംവിധാനമെന്ന് പറയുന്നതല്ലാതെ പ്രഖ്യാപിക്കുന്നില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. നോർക്കയ്ക്കുള്ള ബഡ്ജറ്റ് വിഹിതവും വെട്ടിക്കുറച്ചു. 13,411 രൂപയായിരുന്ന പ്രവാസി ഇൻഷ്വറൻസ് പ്രീമിയം ഒറ്റയടിക്ക് 21,964 രൂപയാക്കി. അധികം നിരക്കീടാക്കി പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമനിധിയുടെ വരവ് 16.7 കോടിയും ചെലവ് 35 കോടിയുമാണ്. ഇൻഷ്വറൻസിൽ നിലവിലെ രോഗങ്ങളും പരിഗണിച്ചതോടെ നോർക്ക കെയറിൽ സമാഹരിച്ച തുകയുടെ 150 % അധികം കമ്പനിക്ക് ക്ലെയിം നൽകേണ്ടിവന്നു. അതിനാൽ ഇത്തവണ കമ്പനികളൊന്നും ക്വട്ടേഷൻ നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ പുതിയ സ്‌കീമിൽ 18 മുതൽ 110 വയസുവരെയുള്ളവരെ ഉൾപ്പെടുത്തും. മൂന്നുലക്ഷം മുതൽ ഒരു കോടി വരെ വിവിധ സ്ലാബുകളിലായാണ് പദ്ധതി നടപ്പാക്കുക. അതിനാലാണ് പ്രീമിയം തുക കൂട്ടേണ്ടിവന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

 അംശാദായം മുടങ്ങിയാൽ

അംശാദായം അടവ് മുടങ്ങിപ്പോയത് കാരണം പ്രവാസി ക്ഷേമനിധിക്ക് പുറത്തായവർക്ക് കുടിശിക അടയ്ക്കാനായി ചട്ടഭേദഗതി വരുത്തും. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സമയത്ത് ഒരുമിച്ച് കുടിശിക അടയ്ക്കുന്നതുമായി ബന്ധപ്പെ കാര്യത്തിൽ മാനുഷിക പരിഗണനയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA