
കോഴിക്കോട്: ഹയർസെക്കൻഡറിയിൽ സീറ്റുകളില്ലാത്തതിന്റെ പേരിൽ അധികബാച്ച് അനുവദിച്ചതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത്തവണ 125 ബാച്ച് അനുവദിച്ചതിൽ ഭൂരിഭാഗവും മലപ്പുറത്തെ എയ്ഡഡ് സ്‌കൂളുകൾക്കായിരുന്നു. മന്ത്രിമാർക്കും ലീഗ് എം.എൽ.എമാർക്കും പാർട്ടി നേതാക്കൾക്കും ബന്ധമുള്ള സ്‌കൂളുകളാണെതെല്ലാം. ഇതിലൂടെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 300 കോടിയുടെ അഴിമതിയാണ് ലക്ഷ്യംവച്ചത്.
കുട്ടികളില്ലാതെ ബാച്ച് ഇല്ലാതാവുന്ന നിരവധി സ്‌കൂളുകളുണ്ടായിട്ടും അവിടെനിന്നുള്ള അദ്ധ്യാപകരേയും ബാച്ചുകളേയും മാറ്റാതെയാണ് എയ്ഡഡ് സ്‌കൂളുകൾക്ക് പുതിയ ബാച്ചുകളുണ്ടാക്കിയത്. ഇടത് സർക്കാരിന്റെ കാലത്ത് ഇത്തരം ബാച്ചുകൾ അനുവദിക്കുമ്പോൾ ഭൂരിപക്ഷവും സർക്കാർ സ്‌കൂളുകൾക്കായിരുന്നെന്നും ശിവൻകുട്ടി പറഞ്ഞു.
നാലുമാസം കൊണ്ടുതന്നെ പുതിയ സർക്കാർ സംസ്ഥാന സ്‌കൂൾ കായികമേളയും അട്ടിമറിച്ചെന്നും കഴിഞ്ഞ തവണ കണ്ണൂരിൽ ഏൽപ്പിച്ച പതാകയും 7.5 പവന്റെ സ്വർണക്കപ്പും എവിടെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എം.ശ്രീയിൽ വൈകി ഉദിച്ച വിവേകം നല്ലതാണെന്നും അതിന് അഭിനന്ദനം അറിയിക്കുന്നെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |