
കോഴിക്കോട്: ഐ.ഐ.എമ്മിൽ പഠനത്തിനെത്തിയ മന്ത്രിമാർക്ക് തീൻമേശയ്ക്ക് മുന്നിലും നന്നേ ആസ്വദിക്കാം. അത്രയ്ക്കുണ്ട് വിഭവങ്ങൾ. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ കേരളീയ രുചികൾക്ക് മുൻതൂക്കം നൽകി ഐ.ഐ.എമ്മിന്റെ കേറ്ററർമാരാണ് ഒരുക്കിയത്. ഉച്ച ഭക്ഷണം കോഴിക്കോടൻ രുചിപ്പെരുമയിൽ മുന്നിൽ നിൽക്കുന്ന ഹോട്ടൽ പാരഗണിൽ നിന്ന്. പ്രാതലിന് ഇഡലി, ദോശ, ഉഴുന്നുവട, സാമ്പാർ, തേങ്ങ-തക്കാളി ചട്നി, പൂരി-ഭാജി. മസാല ഓംലെറ്റ്, സ്ക്രാംബിൾഡ് എഗ്സ്, ഫ്രൈഡ് എഗ്സ് വരെ ഇഷ്ടത്തിനനുസരിച്ച്. ചായയും കോഫിയും ഫ്രഷ് ജ്യൂസും ഇഷ്ടം പോലെ. സദ്യ തോൽക്കുന്ന ഉച്ച മെനുവിൽ മിനി ചപ്പാത്തി, ലൈവ് അപ്പം, നാടൻ ചിക്കൻ കറി, മട്ട അരി, പൊന്നി അരി, രണ്ട് തരത്തിലുള്ള തോരൻ, രണ്ട് ചട്നി, സാമ്പാർ, മോര് കറി, മാമ്പഴ പുളിശ്ശേരി, കാളാഞ്ചി മീൻ കറി, അവിയൽ, രസം, തൈര്, പപ്പടം, അച്ചാർ തുടങ്ങിയവയുണ്ട്. ഇതിനൊപ്പം ലൈവായി തവയിൽ ഗ്രിൽ ചെയ്യുന്ന മീനും.
വെജിറ്റേറിയൻ വിഭവങ്ങളും കുറച്ചില്ല. ആലപ്പുഴ വെജ് കറി, കാന്താരി ഗ്രിൽഡ് പനീർ, തവ ഗ്രിൽഡ് വഴുതന എന്നിവയും സാലഡും. മധുരത്തിന് ചൂടൻ ഗാജർ കാ ഹൽവയും ഞാലിപ്പൂവൻ പഴവും. വെള്ളരിക്ക ജ്യൂസും ലൈം ചേർത്ത ബ്ലാക്ക് ടീയും ഉച്ചഭക്ഷണത്തിനൊപ്പമുണ്ട്.
രാത്രിയിലും വിഭവസമൃദ്ധമായിരുന്നു. ലെമൺ കൊറിയാണ്ടർ സൂപ്പ്, ചിക്കൻ ഹോട്ട് ആൻഡ് സവർ, ഗ്രീൻ സാലഡ്, കച്ചുംബർ, പനീർ ടിക്ക, തട്ടുകട ചിക്കൻ ഫ്രൈ, ഹരിയാലി മുർഗ് ടിക്ക എന്നിവ തുടക്ക വിഭവങ്ങൾ. പ്രധാന വിഭവങ്ങളിൽ പനീർ മഖ്നി, ആലൂ ഗോബി മസാല, ബീറ്റ്റൂട്ട് പൊരിയൽ, ചിക്കൻ റോസ്റ്റ്, ഫിഷ് മാംഗോ കറി, ദാൽ ഫ്രൈ, കേരള റൈസ്, പീസ് പുലാവ് എന്നിവയും. മധുരത്തിനായി ഗാജർ കാ ഹൽവ, മൂങ്ങ് ദാൽ ഹൽവ, കോഴിക്കോടൻ ഹൽവ, ഇളനീർ പുഡ്ഡിംഗ്. കൂടെ ഐസ്ക്രീമും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |