
തിരുവനന്തപുരം: വി.എസ് സർക്കാരിന് 2011ൽ തുടർഭരണം ലഭിക്കാതിരിക്കാൻ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും വി.എസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന കെ. സുരേഷ്‌കുമാറിന്റെ പുസ്തകം.
13 മണ്ഡലങ്ങളിൽ ജയസാദ്ധ്യത ഇല്ലാത്ത സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെന്നും ഇതിലൂടെ എൽ.ഡി.എഫിന്റെ പരാജയം ഉറപ്പാക്കിയെന്നും വി.എസ് പറഞ്ഞതായി സുരേഷ് കുമാർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
ഇന്നലെ പ്രകാശനം ചെയ്ത ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലാണ് ഗുരുതര ആരോപണങ്ങൾ.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫയൽ എ.കെ.ജി സെന്ററിൽ എത്തിക്കാൻ മൂന്നുപേർക്ക് സി.പി.എം ചുമതല നൽകിയിരുന്നു. അവിടെ ഫയൽ പരിശോധിച്ചശേഷം മാത്രമാണ് വി.എസിനെ കാണിച്ചിരുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാൽ, പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രൻ , സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എൻ.ചന്ദ്രശേഖര പണിക്കർ എന്നിവർക്കായിരുന്നു ആ ചുമതല.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീലാ തോമസ് മുഖ്യമന്ത്രിയുടെ മുറിയിൽ എത്തുമ്പോൾ ഇവരെന്താണ് സംസാരിക്കുന്നതെന്നു കേൾക്കാൻ പണിക്കരും രാജേന്ദ്രനും പാഞ്ഞെത്തുമായിരുന്നു .
2007-ൽ നടന്ന മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അട്ടിമറിക്കാൻ അന്നത്തെ സബ് കളക്ടറും ഇപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയുമായ രത്തൻ യു.ഖേൽക്കർ ശ്രമിച്ചതായും ആക്ഷേപമുണ്ട്. സി.പി.ഐ ഓഫീസിന്റെ സ്ളാബ് പൊളിച്ചത് അതിന്റെ ഭാഗമായിരുന്നു. മുൻ മന്ത്രി എം.എം. മണിയുടെയും സഹോദരൻ ലംബോദരന്റേയും റിസോർട്ടുകളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. സി.പി.ഐ നേതാക്കൾക്കെതിരെയും രൂക്ഷമായ ആരോപണമുണ്ട്.
സുരേഷ് ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് പൂട്ടിച്ച 25 ഓൺലൈൻ ലോട്ടറി ടെർമിനലുകൾ വി.എസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യാ പിതാവിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും ലോട്ടറിക്കെതിരെയുള്ള പോരാട്ടത്തിൽ വി.എസ് പിന്നോട്ട് പോയില്ലെന്നും സുരേഷ് പറയുന്നു.
പുസ്‌തകം കെ.സുധാകരൻ എം.പി പ്രകാശനം ചെയ്തു. റിട്ട. ഹൈക്കോടതി ജഡ്‌ജി കെമാൽ പാഷ ഏറ്റുവാങ്ങി. ബി.അശോക്, കെ.എം ഷാജഹാൻ, ജോസഫ് സി.മാത്യു, എൻ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |