
കൊച്ചി: പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി .തള്ളി.പൊലീസ് അന്വേഷണം തൃപ്തികരമാണ്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുമ്പോൾ മറ്റൊരു ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജോജോ ജോസാണ് ഹർജി നൽകിയത്.
അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡി.ജി.പി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വീഴ്ചയുണ്ടായിട്ടില്ല. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർ മറ്റ് ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. കൂടുതൽ പേരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ ഏകദേശം 300 പേരടങ്ങുന്ന സംഘം ആക്രമിച്ചു. ശക്തമായ പ്രതിഷേധത്തിനിടയിലും ഇ.ഡി ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി തമ്പാനൂർ സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ ഇ.ഡി. ഉദ്യോഗസ്ഥരുടെയും രണ്ടു പ്രതികളുടെയും മെഡിക്കൽ രേഖകളും കോടതിയിൽ സമർപ്പിച്ചു.
പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, കോൾ ഡേറ്റ റെക്കാഡുകൾ, ആയുധങ്ങൾ, ബാങ്ക് രേഖകൾ, വിരലടയാളം എന്നിവ സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് ഡി.ജി.പി അറിയിച്ചു.
ആക്രമിച്ചത് ഉന്നതൻ
പ്രതിയാകുമെന്ന പേടിയിൽ
പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചത് ഉന്നതൻ പ്രതിയാകുമെന്ന ഭയത്താലാണെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികൾ പാഞ്ഞടുത്തത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനായത്.
സി.എം.ആർ എല്ലിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തെ തടസപ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും, 13 പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കവെ ഇ.ഡി എതിർ വാദം ഉന്നയിച്ചു.കേസന്വേഷണം ഭരണഘടനാ പദവി വഹിക്കുന്നവരിലേക്ക് നീളുകയാണ്, ശാസ്ത്രീയ പരിശോധനയ്ക്കയച്ച ഒരു ഫോണിൽ നിന്ന് മാത്രം 130 കാളുകൾ പോയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അവർ ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ വാദിച്ചു.
ഇതിനിടെ, ജഡ്ജിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചെന്ന പ്രതി ഭാഗം വാദം പ്രോസിക്യൂട്ടർ ഖണ്ഡിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |