SignIn
Kerala Kaumudi Online
Monday, 07 September 2026 12.57 AM IST

മെസി സന്ദർശനം: കൂടുതൽ സാമ്പത്തിക ക്രമക്കേട് രണ്ടാം റിപ്പോർട്ടിലെ കണ്ടെത്തൽ

ds

തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന കായിക വകുപ്പിന്റെ രണ്ടാം റിപ്പോർട്ടിലെ കണ്ടെത്തലുകളും എസ്.ഐ.ടി അന്വേഷിക്കും. രണ്ടാം റിപ്പോർട്ടും ആഭ്യന്തര വകുപ്പിന് കൈമാറി. സ്‌പോൺസറായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വരുമാനവും ലാഭവും അടക്കം പരിപാടിയുടെ എല്ലാ അവകാശങ്ങളും മുൻ സർക്കാർ സൗജന്യമായി വിട്ടുനൽകിയെന്നാണ് കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നത്.

അർജന്റീന ഫുട്‌ബോൾ അസോസിയേഷന് നൽകാനെന്ന പേരിൽ വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് സ്‌പോൺസർ അനുമതി തേടിയതിൽ വിദേശ നാണയ വിനിമയചട്ടത്തിന്റെ ലംഘനമുണ്ട്. സ്‌പോൺസർക്ക് 5 കോടിയുടെ സാമ്പത്തിക ഇളവ് നൽകിയാണ് കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം വിട്ടു നൽകിയത്.

സർക്കാരുമായി കരാർ ഒപ്പുവയ്ക്കാത്ത പദ്ധതിക്കായി രണ്ട് ഐ.എ.എസുകാരുടെ സേവനം പൂർണമായും വിട്ടു നൽകാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്‌പോൺസർക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിലാണ് സ്‌പോർട്സ് കേരള ഫൗണ്ടേഷൻ മത്സരങ്ങളുടെ ഡി.പി.ആർ തയ്യാറാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.

വരുമാനം കുറച്ചുകാട്ടി

1. ടിക്കറ്റ്, സംപ്രേക്ഷണം എന്നിവ മാത്രമാണ് ഡി.പി.ആറിൽ വരുമാനമായി കാണിച്ചത്. വരുമാനം കിട്ടുന്ന മറ്റ് മേഖലകളായ സ്‌പോൺസർഷിപ്പ്, സെൽഫിയെടുക്കൽ, ഗെറ്റുഗദർ, ടേബിൾ ഡിന്നർ തുടങ്ങിയവ വഴിയുള്ള വരുമാനങ്ങൾ മറച്ചുവച്ചു.

2. ഇതിലൂടെ സ്‌പോൺസർക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. 200 കോടി രൂപയെങ്കിലും ലാഭം കിട്ടുന്നത് മറച്ചുവച്ചാണ് വരുമാനം കുറച്ചുകാണിച്ചതെന്നും രണ്ടാം റിപ്പോർട്ടിലുണ്ട്.

പ്രശാന്തിൽ നിന്ന്

വിവരം ശേഖരിച്ചു

എൻ.പ്രശാന്ത് തയ്യാറാക്കിയ ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് എ.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയെ നിയോഗിച്ചത്. കഴിഞ്ഞ ദിവസം എൻ.പ്രശാന്തിൽ നിന്ന് എസ്.ഐ.ടി അംഗം ഐ.ജി സതീഷ് ബിനോ വിവരങ്ങൾ ശേഖരിച്ചു. പ്രശാന്തിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങളും റിപ്പോർട്ട് തയ്യാറാക്കാൻ അടിസ്ഥാനമാക്കിയ രേഖകൾ സംബന്ധിച്ചും ചോദിച്ചറിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA