
ശിവഗിരി:ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി ആചരിക്കുന്നതിന്റെ ഭാഗമായി ഗുരുദേവ സ്ഥാപനങ്ങളിൽ ഓരോ പ്ലാവ് കൂടി നടണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ അഭ്യർത്ഥിച്ചു.
"വൃക്ഷങ്ങൾ നട്ടുവളർത്തണം; തണലുമായി ഫലവുമായി" എന്ന ഗുരുദേവകൽപ്പന പരിപാലിക്കുവാൻ എല്ലാ ഗുരുദേവക്തരും മുന്നോട്ടുവരണം. ഗുരുദേവൻ കല്പവൃക്ഷം പോലെ കണ്ടിരുന്ന വൃക്ഷമായിരുന്നു പ്ലാവ്. അരുവിപ്പുറത്ത് എസ്.എൻ.ഡി.പി യോഗം ആരംഭിക്കുന്നതും തൃശൂർ കൂർക്കഞ്ചേരിയിൽ സന്യാസസംഘം ആരംഭിക്കുന്നതും പ്ലാവിൻചുവട്ടിൽ വച്ചായിരുന്നു. ശിവഗിരി മഹാസമാധി മന്ദിരത്തിന്റെ മുറ്റത്ത് ഗുരുദേവൻ തൃക്കെെകൾ കൊണ്ട് നട്ടപ്ലാവ് ഇപ്പോഴും പൂർണ്ണയൗവനത്തോടെ നിലകൊള്ളുന്നു. അടുത്തകാലത്ത് ഈ വൃക്ഷത്തിന് ഔഷധചികിത്സയും ശിവഗിരി മഠത്തിൽ നിന്നും നൽകിയിരുന്നു. ഗുരുദേവസ്ഥാപനങ്ങൾ തോറും ഓരോ പ്ലാവിൻ വൃക്ഷത്തൈകൾ നടുന്നത് ശ്രേഷ്ഠതരം ആയിരിക്കുമെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |