SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.30 AM IST

പൊലീസിൽ ഇനി രണ്ട് സംഘടനകൾ മാത്രം ഓഫീസേഴ്സ് അസോ. ഇല്ലാതായി ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി

READ ENGLISH VERSION
keralapolice

തിരുവനന്തപുരം: കേരള പൊലീസിൽ ഇനി രണ്ടുസംഘടനകൾ മാത്രം. പൊലീസ് അസോസിയേഷനും പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. നിലവിലുണ്ടായിരുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. സംഘടനകളുടെ നിയമാവലിയിൽ ഭേദഗതി വരുത്തി ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ് അലം ഉത്തരവിറക്കി.

അംഗത്വത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന പൊലീസുദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണിതെന്ന് ഉത്തരവിലുണ്ട്. നിലവിൽ ഇടതുപക്ഷ അനുഭാവികളാണ് സംഘടനകളുടെ തലപ്പത്തുള്ളത്. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതോടെ സംഘടനകളുടെ നിയന്ത്രണം കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥർ പിടിക്കുമെന്നാണ് വിലയിരുത്തൽ.

പൊലീസ് അസോസിയേഷനിൽ സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, ഗ്രേഡ് എ.എസ്.ഐ, അസി.സബ് ഇൻസ്പെക്ടർ, ഗ്രേഡ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ളവർക്കാണ് അംഗത്വം നൽകുക. സബ് ഇൻസ്പെക്ടർ മുതൽ നോൺ ഐ.പി.എസ് എസ്.പിമാർ വരെയുള്ളവരാവും സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലുണ്ടാവുക. ഇല്ലാതായ ഓഫീസേഴ്സ് അസോസിയേഷനിൽ ഗ്രേഡ് എ.എസ്.ഐ മുതൽ സി.ഐ വരെയുള്ളവരായിരുന്നു അംഗങ്ങൾ. ഇതിന്റെ ബാങ്ക്അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, ബാദ്ധ്യതകൾ എന്നിവ 60% പൊലീസ് അസോസിയേഷനിലേക്കും 40% സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്കും മാറ്റും.

ഏകോപനത്തിന്

അഡ്‌ഹോക്ക് കമ്മിറ്റികൾ

അസോസിയേഷനുകളുടെ അംഗത്വവും പുന:സംഘടനയും ഏകോപിപ്പിക്കാൻ പൊലീസ് മേധാവി അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. യൂണിറ്റ്, ജില്ലാ, സംസ്ഥാനതല തിരഞ്ഞെടുപ്പുകൾ സെപ്തംബർ 30നകം പൂർത്തിയാക്കണം. പുതിയ കമ്മിറ്റികളുടെ കാലാവധി രണ്ടു വർഷമായിരിക്കും.

ഏഴ് ഉദ്യോഗസ്ഥർക്ക് ഒരുപ്രതിനിധിയെന്ന കണക്കിലായിരിക്കണം സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. പൊലീസ് അസോസിയേഷനിൽ നിലവിലെ മാനദണ്ഡം തുടരാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി തലത്തിൽ പരിഹരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA