SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.21 AM IST

വട‌കര ലഹരിക്കേസ് - രണ്ടാമത്തെ അദ്ധ്യാപികയും പുറത്ത്

kavya
കെ. കാവ്യ

കോഴിക്കോട്: ലഹരിമരുന്ന് ഇടപാട് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (ബി.ആർ.സി) സ്പെഷ്യൽ എഡ്യൂക്കേറ്ററായി കരാറിൽ ജോലി ചെയ്തിരുന്ന കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കെ.കാവ്യയും സർവീസിൽ നിന്ന് പുറത്ത്. ലഹരിമരുന്ന് വാങ്ങുന്നവർ പണം കൈമാറിയിരുന്നത് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്നാണ് പൊലീസ് കണ്ടെത്തൽ.

മരുതോങ്കര സ്വദേശിനിയും പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് കായിക അദ്ധ്യാപികയുമായ കെ.സി. കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പിരിച്ചുവിട്ടിരുന്നു.

രണ്ടാഴ്ച മുൻപ് എം.ഡി.എം.എ കേസിൽ വടകര പൊലീസ് അറസ്റ്റ് ചെയ്ത റിസ്വാനിൽ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചതും പിന്നീട് ഇരുവരും അറസ്റ്റിലാകുന്നതും. കീർത്തനയും കാവ്യയും എപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നത്. കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സൂംബ ക്ലാസിലും സജീവമായിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ലഹരി വിൽപ്പനയിലൂടെ ലഭിച്ച ലക്ഷക്കണക്കിന് രൂപ വിവിധ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഒന്നര വർഷമായി കാവ്യയും കീർത്തനയും ലഹരി ഉപയോഗിക്കുന്നതായി പൊലീസ് പറഞ്ഞു. ഇരുവർക്കും പിന്നിൽ വൻ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ലഹരി വാങ്ങാൻ പണം നൽകിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സ്കൂൾ വിദ്യാർത്ഥികൾ ഇരകളായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി വടകര ഇൻസ്‌പെക്ടർ എ.വി.ദിനേശ് പറഞ്ഞു.

 രണ്ട് അദ്ധ്യാപകർ നിരീക്ഷണത്തിൽ

കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് അദ്ധ്യാപകരും പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ ബാങ്ക് ഇടപാടും അന്വേഷിക്കും. ബി.ആർ.സിയിലെ മറ്റ് അദ്ധ്യാപകരിൽ നിന്ന് വിവരം ശേഖരിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബി.ആർ.സിയിലേക്ക് കെ.എസ്.യു, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ് പ്രവർത്തകർ മാർച്ച് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA