SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.06 AM IST

തിരുവനന്തപുരത്ത് ലോൺ ആപ്പ് തട്ടിപ്പ്- കോടികൾ കവർന്ന സംഘം പിടിയിൽ ഇരയായത് അമേരിക്കക്കാർ 18 ഉത്തരേന്ത്യക്കാർ കുടുങ്ങി

READ ENGLISH VERSION
arul
ഡോ.അരുൾ.ആർ.ബി.കൃഷ്‌ണ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ കാൾസെന്റർ സജ്ജമാക്കി ലോൺആപ്പിലൂടെ അമേരിക്കക്കാരിൽ നിന്ന് കോടികൾ കൊള്ളയടിച്ച ഉത്തരേന്ത്യൻ സംഘം പിടിയിൽ. പൊലീസ് നടത്തിയ റെയ്ഡിൽ ഉത്തരേന്ത്യക്കാരായ 18 പേരാണ് കസ്റ്റഡിയിലായത്. സൂത്രധാരനായ ഗുജറാത്ത് സ്വദേശി ആകാശ് സിംഗ് ചൗധരി പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. മുംബയിലേക്ക് രക്ഷപെടാനെത്തിയ കൂട്ടാളി കപിലിനെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു.

പോങ്ങുംമൂട് ഐറിസ് ആശുപത്രിക്കടുത്ത് പവിഴം ഹോംസിന്റെ വാണിജ്യകെട്ടിടം വാടകയ്ക്കെടുത്ത് 50ഓളം കമ്പ്യൂട്ടറുകളുമായാണ് ഒന്നരമാസം മുൻപ് വ്യാജകാൾസെന്റർ പ്രവർത്തനം തുടങ്ങിയത്. ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇരുപതോളം ജോലിക്കാരുണ്ടായിരുന്നു.

അമേരിക്കക്കാർ വായ്പയ്ക്ക് സമീപിക്കുന്ന 'ലെൻഡ്-ജെറ്റ്' സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇടപാടുകാരെ അങ്ങോട്ട് വിളിച്ചായിരുന്നു തട്ടിപ്പ്. ഓപ്പറേഷണൽ ചാർജ് അടക്കം വിവിധയിനങ്ങളിലായി ഡോളറിൽ പണം അടിച്ചെടുക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് അമേരിക്കക്കാരെ കൊള്ളയടിക്കുന്ന ലോൺആപ്പ് തട്ടിപ്പ്.

നൂറുകണക്കിന് സിംകാർഡുകളും മൊബൈലുകളും പിടിച്ചെടുത്തു. ഇവയുടെയും കമ്പ്യൂട്ടറുകളുടെയും പരിശോധനയിലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാനാവൂ. ഗുജറാത്തിലും മുംബയിലും സമാനതട്ടിപ്പുകേസിൽ പ്രതിയാണ് ആകാശ്. കോവളത്തടക്കം ഇവർ താമസിച്ചിരുന്നിടത്തെല്ലാം പരിശോധന നടത്തി. ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനക്കാരാണ് പിടിയിലായതിലേറെയും. വ്യാജ 'കാൾസെന്ററിന്റെ' സെർവർ തുറക്കാൻ സൈബർപൊലീസ് ശ്രമിക്കുകയാണ്. മറ്റ് രാജ്യങ്ങളിലുള്ളവരെയും പറ്റിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

ശുചീകരണ തൊഴിലാളി

ചമഞ്ഞ് പൊലീസ്

രാത്രിയിൽ മാത്രം ജോലിചെയ്യുന്ന ഉത്തരേന്ത്യക്കാർ കഞ്ചാവടക്കം ലഹരിവ്യാപാരം നടത്തുന്നതായി ഡാൻസാഫ് സംഘത്തിന് വിവരം കിട്ടിയിരുന്നു. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായുള്ള നിരീക്ഷണം തുടങ്ങി. ഉത്തരേന്ത്യക്കാർ രാത്രിയിൽ ഈ കെട്ടിടത്തിലെത്തുന്നതും പകൽ കോവളമടക്കം പലേടത്തുമായി താമസിക്കുന്നതും കണ്ടെത്തി. കഞ്ചാവുപയോഗിക്കുന്നെങ്കിലും വേറെന്തോ തട്ടിപ്പാണെന്ന് മനസിലാക്കി. ശുചീകരണതൊഴിലാളികളുടെ വേഷത്തിൽ പൊലീസ് കയറിയപ്പോഴാണ് അമ്പതോളം കമ്പ്യൂട്ടറുകളുള്ള കാൾസെന്റർ കണ്ടെത്തിയത്.

'സാഹസിക ഓപ്പറേഷൻ'

ഉത്തരേന്ത്യക്കാർ രക്ഷപെടാതിരിക്കാൻ സാഹസികമായ ഓപ്പറേഷനാണ് നടത്തിയതെന്ന് സിറ്റിപൊലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി കൃഷ്ണ പറഞ്ഞു. വ്യാജകാൾസെന്ററിലേക്ക് സായുധപൊലീസ് ഇരച്ചുകയറുകയായിരുന്നു. രക്ഷപ്പെടാതിരിക്കാൻ വിമാനത്താവളത്തിലും റെയിൽവേസ്റ്റേഷനിലും പൊലീസിനെ വിന്യസിച്ചിരുന്നു. തട്ടിപ്പുകാരുടെ സഹായികളടക്കമാണ് 18പേരെ പിടികൂടിയത്. 13പേർക്ക് തട്ടിപ്പിൽ നേരിട്ടുള്ള പങ്ക് സ്ഥിരീകരിച്ചു.

'കമ്പ്യൂട്ടർ ഓണാക്കരുത്,

വെടിവയ്ക്കും'

ഒരു കമ്പ്യൂട്ടറിൽ ' ഓൺചെയ്യരുതെന്നും, ഓൺചെയ്താൽ വെടിവയ്ക്കുമെന്നും' ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആകാശ് ചൗധരിയാണ്

ഈ കമ്പ്യൂട്ടറുപയോഗിച്ചിരുന്നത്. പണമിടപാടുകൾ നടത്തുന്ന പ്രധാന സെർവറായിരുന്നു അത്.

സംഘം അമേരിക്കൻ മലയാളികളെയും ലക്ഷ്യമിട്ടെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. വായ്പയ്ക്ക് വിവിധ സ്ഥാപനങ്ങളെ സമീപിച്ചവരെയാണ് ഇരയാക്കിയത്. വൻതുക ശമ്പളം നൽകിയാണ് യുവാക്കളെ കാൾ സെന്ററിൽ ജോലിക്ക് നിയോഗിച്ചിരുന്നത്. കമ്പ്യൂട്ടറുകളിൽ അമേരിക്കയിലെ ക്രെഡിറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങൾ കണ്ടെത്തി. ഇവർക്ക് വേണ്ടിയാണോ തട്ടിപ്പെന്നും അന്വേഷിക്കുന്നുണ്ട്.

'' അമേരിക്കക്കാരെ വൻതോതിൽ ഇരയാക്കിയെന്നാണ് വിവരം. വിശദമായ അന്വേഷണത്തിൽ തട്ടിപ്പിന്റെ വ്യാപ്തി ഉയർന്നേക്കും

-ഡോ.അരുൾ.ആർ.ബി.കൃഷ്‌ണ

സിറ്റി പൊലീസ് കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOAN APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA