
തൃശൂർ: എസ്.ബി.ഐ മാരത്തൺ നടത്തുന്നുവെന്ന പേരിൽ വൻ തട്ടിപ്പ്. ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്ത് 'മറൈൻ ഡ്രൈവ് മാരത്തൺ കൊച്ചി 2026' എന്ന പേരിലാണ് സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പ്. തൃശൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിനാളുകളാണ് തട്ടിപ്പിനിരയായത്.
ഇൻസ്റ്റഗ്രാം പേജുകളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയും വൻ സമ്മാനത്തുക, സ്‌പോൺസർഷിപ്പ്, സൗജന്യ ടീഷർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്ത് പരസ്യങ്ങൾ നൽകുന്നുണ്ട്. സംശയം തോന്നാതിരിക്കാൻ 698 രൂപ പോലുള്ള ചെറിയ തുകയാണ് രജിസ്‌ട്രേഷനായി ആവശ്യപ്പെടുന്നത്.വലിയൊരു തുക രജിസ്‌ട്രേഷൻ വഴി അക്കൗണ്ടിൽ എത്തിക്കഴിഞ്ഞാൽ മോശം കാലാവസ്ഥയെന്നോ മറ്റും ചൂണ്ടിക്കാട്ടി മാരത്തൺ മാറ്റി വച്ചതായി സന്ദേശമയക്കും. പുതിയ തീയതി പിന്നീടറിയിക്കാമെന്ന് പറഞ്ഞ് പണവുമായി മുങ്ങും. മാരത്തണിനെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് എസ്.ബി.ഐ പബ്ലിക് റിലേഷൻസ് ഓഫീസ് മുഖേന അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്..
മുന്നറിയിപ്പുമായി
പൊലീസ്
സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടരാകുന്നതിന് മുൻപ് പരിപാടിയുടെ ഔദ്യോഗിക സ്രോതസുകളിൽ നിന്നും വിശ്വാസ്യത ഉറപ്പു വരുത്തണമെന്ന് പൊലീസ് അറിയിച്ചു. മാരത്തണിന് സർക്കാരിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. തുക ചെറുതാണെന്ന കാരണത്താൽ അപരിചിതമായ പേയ്‌മെന്റ് ലിങ്കുകൾ വഴി പണം കൈമാറരുത്. തട്ടിപ്പിനിരയായാൽ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യണം..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |