കോഴിക്കോട്: എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ മേതിൽ രാധാകൃഷ്‌ണൻ. അവാർഡുകളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും മന്ത്രിയാണ് അവാർഡ് ലഭിച്ചകാര്യം തന്നെ വിളിച്ചറിയിച്ചതെന്നും മേതിൽ പറഞ്ഞു. രാമനാട്ടുകരയിൽ എഴുത്തുകാരി ഇന്ദുമേനോന്റെ കുടുബത്തിനൊപ്പമാണ് മേതിൽ അവാർഡിനെക്കുറിച്ച് പ്രതികരിച്ചത്.
ദീർഘദൂര യാത്രകൾ പ്രയാസമായതിനാൽ സമ്മാനദാനം കോഴിക്കോട്ടാകുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിനോട് തനിക്ക് വൈകാരികബന്ധം കൂടുതൽ ആയതിനാൽ അത് കൂടുതൽ സന്തോഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം അർബുദ ബാധയെ തുടർന്ന് മകൾ ജൂൺ മരിച്ചതിനുപിന്നാലെയാണ് മേതിൽ ഇന്ദുമേനോനും കുടുംബത്തിനുമൊപ്പം താമസിക്കാൻ തുടങ്ങിയത്. മകളുടെ ഹെയർബാൻഡ് എപ്പോഴും കൈയിൽ അണിയുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മകളെക്കുറിച്ചുള്ള ഓർമ്മകളാണ് തന്റെ ശക്തിയെന്നായിരുന്നു മേതിലിന്റെ പ്രതികരണം. പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങൾ നൽകാൻ തനിക്ക് സാധിക്കില്ലെന്നും അവർ ജീവിക്കുന്നത് തന്റേതിൽ നിന്നും തീർത്തും വ്യത്യസ്‌തമായ സാഹചര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളസർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്‌ക്കാണ് മേതിലിന് പുരസ്‌കാരം ലഭിക്കുന്നത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളപ്പിറവി ദിനമായ ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വിഷ്‌ണുനാഥാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കെജി ശങ്കരപിള്ള അദ്ധ്യക്ഷനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
Writer Methil Radhakrishnan expressed happiness over receiving the Ezhuthachan Award, remembering his late daughter June and sharing his emotional bond with Kozhikode.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |