തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും പ്രവർത്തകരും അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി.
സംഭവത്തിൽ പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്‌ച ഗൗരവത്തോടെ അന്വേഷിക്കും. ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിൽ വരുന്നത് സ്വാഭാവികമാണ്. അതിനപ്പുറം എന്തെങ്കിലും സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. സ്റ്റേഷൻ അതിക്രമത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഡിവൈഎസ്‌പി തല അന്വേഷണത്തിനാണ് എസ്‌പി നിർദേശം നൽകിയിരിക്കുന്നത്.
ശ്രീനാദേവിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ ജൂലായ് 11ന് രാത്രി 10.30ഓടെ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഭവം. പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മയും പ്രവർത്തകരും സെല്ലിനുള്ളിലായിരുന്ന രാജൻ ജോസഫിനോട് തട്ടിക്കയറുന്നതും സംസാരിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിന്റെ അനുയായിയായ ഫെനി നൈനാൻ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നു.
എന്നാൽ രാജൻ ജോസഫിനെ ആക്രമിച്ചിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. പൊലീസ് സ്റ്റേഷനിൽ കയറി രാജൻ ജോസഫിനെ ആക്രമിച്ചിട്ടില്ല. പ്രതിയെ തിരിച്ചറിയാൻ വേണ്ടിയാണ് പൊലീസ് വിളിപ്പിച്ചത്. തല്ലുകിട്ടിയില്ലെന്ന് രാജൻ ജോസഫ് പറഞ്ഞിട്ടുണ്ട്. സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി പറഞ്ഞു.
Kerala DGP Ravada Chandrasekhar has termed the alleged misconduct by Congress leaders at Adoor Police Station a serious issue. He has sought a report from the Pathanamthitta SP and ordered a DSP-level investigation. The incident involves Congress district panchayat member Sreenadevi Kunjamma and others confronting arrested YouTuber Rajan Joseph. She denied assaulting him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |