കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥന് എറണാകുളം അഡീഷനൽ സെഷൻസ് കോടതിയുടെ വിമർശനം. 17കാരന്റെ വിവരങ്ങൾ പ്രചരിപ്പിച്ചതിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.
സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. 17കാരന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങനെ പ്രചരിച്ചതെന്ന് സൈബർ പൊലീസ് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
പതിനേഴുകാരന്റെ വിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ പോസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യാൻ സൈബർ പൊലീസിന് കോടതി കർശന നിർദേശം നൽകി. സംഭവത്തിൽ ഉടൻ നടപടി സ്വീകരിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നരഹത്യക്കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നും രേഖകൾ കൃത്യമായി പരിശോധിക്കാതെയാണ് ബോർഡ് ജാമ്യം നൽകിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ജാമ്യം റദ്ദാക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹർജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്ത് നാടിനെ നടുക്കിയ അപകടം നടന്നത്. 17 കാരൻ ഓടിച്ച ബെൻസ് കാർ മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തില്‍ ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
The Ernakulam Additional Sessions Court criticized the investigating officer after a 17-year-old accused in the Cheranalloor Benz accident case had his details circulated on social media. The court questioned the lack of action and ordered the officer to appear, also instructing Cyber Police to investigate. The prosecution argued the Juvenile Justice Board improperly granted bail.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |