SignIn
Kerala Kaumudi Online
Sunday, 01 November 2026 1.24 AM IST

എൻ.ആർ. മാധവമേനോൻ ലക്ഷ്യമിട്ടത് ജനക്ഷേമം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

p

കൊച്ചി: ജനക്ഷേമമാണ് പരമോന്നത നിയമം എന്ന തത്വം സ്വന്തം ജീവിതത്തിലൂടെ നടപ്പാക്കിയ നിയമവിദ്യാഭ്യാസ വിചക്ഷണനായിരുന്നു ഡോ.എൻ.ആർ. മാധവമേനോനെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കൊച്ചിയിൽ എൻ. ആർ. മാധവമേനോൻ സ്മാരക 'ട്രിബ്യൂട്ട് ഒഫ് ഓണർ" പുരസ്‌കാരം അറ്റോർണി ജനറൽ ഒഫ് ഇന്ത്യ അഡ്വ. ആർ. വെങ്കിട്ടരമണിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർശ്വവത്കരിക്കപ്പെട്ടവരെ നിയമപഠനത്തിന്റെ കേന്ദ്രബിന്ദുവാക്കി പാഠ്യപദ്ധതികൾ പരിഷ്‌കരിച്ചത് തിരുവനന്തപുരം സ്വദേശിയായ മാധവമേനോന്റെ നേതൃത്വത്തിലായിരുന്നെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എൽഎൽ.ബി എന്ന വിപ്ലവകരമായ മാറ്റത്തിന് അദ്ദേഹം തുടക്കമിട്ടു. നിയമം ശരിയായ രീതിയിൽ പഠിച്ചാൽ അത് സാമൂഹിക മാറ്റത്തിനുള്ള ആയുധമാണെന്ന് വിശ്വസിച്ച വ്യക്തിയാണ് മാധവമേനോൻ. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായ അഡ്വ. വെങ്കിട്ടരമണിയാണ് പുരസ്കാരത്തിന് അർഹനായത്. കേന്ദ്ര സർക്കാരിന്റെ മുഖ്യ നിയമ ഉപദേഷ്ടാവിന്റെ ഭാരിച്ച ഉത്തരവാദിത്വം തികഞ്ഞ സംയമനത്തോടും തത്വദീക്ഷയോടും കൂടിയാണ് വെങ്കിട്ടരമണി നിർവഹിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ജനങ്ങൾക്കെല്ലാം തുല്യനീതിയെന്ന തത്വത്തിൽ ഉറച്ചുവിശ്വസിച്ച വ്യക്തിയായിരുന്നു എൻ.ആർ. മാധവമേനോനെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പറഞ്ഞു.

കേരള ബാർ കൗൺസിലും ബാർ കൗൺസിൽ അഡ്വക്കേറ്റ്സ് അക്കാഡമിയും സംഘടിപ്പിച്ച പരിപാടിയിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് എസ്. മനു തുടങ്ങിയവർ പങ്കെടുത്തു. അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു, കേരള ബാർ കൗൺസിൽ ചെയർമാൻ ജി. മുരളീധരൻ, മുൻ ചെയർമാൻ ടി.എസ്. അജിത്, അഡ്വക്കേറ്റ്സ് അക്കാഡമി സെക്രട്ടറി കെ.കെ. നാസർ, മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ അക്കാഡമി ചെയർമാൻ ഡോ. എസ്.ശിവകുമാർ, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അംഗം ഡോ. പി.സന്തോഷ് കുമാർ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ.കൊറ്റം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUSTICE SURYAKANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA