SignIn
Kerala Kaumudi Online
Sunday, 01 November 2026 1.10 AM IST

എന്റെ കേരളം എത്ര സുന്ദരം

kerala-piravi

കേരളം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ലോകത്തെ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ പിറന്ന മണ്ണ്. കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ... എന്ന് മഹാകവി വള്ളത്തോൾ പാടിപ്പുകഴ്ത്തിയ ദൈവത്തിന്റെ സ്വന്തം നാട്.

ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ് നമ്മുടെ കേരളം. കേരളാംബയ്ക്ക് മക്കളോട് ഒരുപാട് പറയാനുണ്ടാകും പിറന്നാൾ ദിനത്തിൽ. എന്തൊക്കെയാവും അത് ! നമുക്കൊന്ന് സങ്കല്പിക്കാം.

ഭാഗ്യവതിയാണ് മക്കളേ ഞാൻ. എന്തെല്ലാം സംഭവവികാസങ്ങൾ...​ പോരാട്ടങ്ങൾ... നേട്ടങ്ങൾ... അങ്ങനെ ഞാൻ സപ്തതിയിലെത്തി. ലോകം നെഞ്ചേറ്റുന്ന നാടായി നിങ്ങൾ എന്നെ മാറ്റി. ഇന്ന് ബഹിരാകാശത്ത് ചെന്നാലും എന്റെ കുട്ടികളുണ്ടാകും.​

1956 നവംബർ ഒന്ന് ഇന്നും മനസിലുണ്ട്. മുമ്പ് തിരുവിതാംകൂർ,​ കൊച്ചി,​ മലബാർ എന്നിങ്ങനെ വേർപ്പെട്ടുകിടക്കുകയായിരുന്നല്ലോ. പിന്നെ ഭാഷാടിസ്ഥാനത്തിൽ ഞാൻ പിറന്നു. കുറച്ചുഭാഗങ്ങളൊക്കെ

മറ്ര് സംസ്ഥാനങ്ങളോട് വെട്ടിമാറ്റിയപ്പോൾ നൊന്തു. പക്ഷേ, എന്നെ ഹൃദയത്തോട് ചേർത്ത് നിങ്ങൾ വളർത്തി. ഞാൻ അതിസുന്ദരിയാണെന്ന് ലോകരെക്കൊണ്ട് പറയിച്ചു. ആയുർവേദത്തിന്റെ സുഗന്ധം കടൽ കടന്ന് വ്യാപിച്ചു.

1957ൽ ലോകത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും എന്നിൽ പറന്നു. പിന്നെ ഭരണക്കാർ പലതു മാറി. സാക്ഷരതയിൽ രാജ്യത്ത് ഒന്നാമതെത്തി. ഭൂപരിഷ്കരണം,​ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹികനീതി,​ വിനോദസഞ്ചാരം എന്നിവയിലൊക്കെ അഭിമാന മാറ്റങ്ങളുണ്ടായി. മികച്ച ആശുപത്രികളും സ്‌കൂളുകളും വന്നു. യാത്രാ സൗകര്യങ്ങൾ മാറി. എന്നെ കരയിച്ച പ്രളയത്തെയും കൊവിഡിനെയുമൊക്കെ നിങ്ങൾ ചങ്കുറപ്പോടെ നേരിട്ടു.

രാജ്യത്തെ ബഹിരാകാശ വിപ്ലവവും പിറന്നത് എന്നിലാണ്. തുമ്പയിൽ നിന്ന് 1962ൽ കുതിച്ച കുഞ്ഞൻ റോക്കറ്റുകളാണ് ഐ.എസ്.ആർ.ഒയ്‌ക്ക് വിത്തിട്ടത്. ഗഗൻയാൻ എന്ന വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്കാണ് ആ യാത്ര.

റേഡിയോ മുതൽ നിർമ്മിത ബുദ്ധി വരെ ലോകത്തെ മാറ്റങ്ങളെല്ലാം അതിവേഗം എന്നിലുമെത്തി. സ്ത്രീകളെ ശാക്തീകരിച്ച കുടുംബശ്രീ എന്റെ മനസുനിറച്ചു. പൊതു-സ്വകാര്യ കൈകോർക്കലിൽ രാജ്യത്തെ ആദ്യ വിമാനത്തവാളവും കൊച്ചിയിൽ പിറന്നു. കൊച്ചി മെട്രോ,​ കൊച്ചിതുറമുഖം,​തിരുവനന്തപുരം,​ കരിപ്പൂർ,​ കണ്ണൂർ വിമാനത്താവളങ്ങൾ, പാലക്കാട് ഐ.ഐ.ടി,​തുടങ്ങി വികസനത്തിന്റെ പാത വിഴിഞ്ഞത്ത് എത്തി നിൽക്കുന്നു. എയിംസും എന്റെ മണ്ണിൽ വൈകാതെ വരുമെന്നുറപ്പുണ്ട്.

വിഴിഞ്ഞത്തേരേറി...

വിഴിഞ്ഞം തുറമുഖമാവും ഇനിയെന്റെ വളർച്ചയുടെ നാഴികക്കല്ല്. കുറഞ്ഞ നാൾ കൊണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടെയ്നർ കൈകാര്യം ചെയ്തെന്ന ഖ്യാതി വിഴിഞ്ഞം നേടിത്തന്നു. ചരക്കു ഗതാഗതം കരമാർഗവും സജീവമാകുന്നതോടെ ഇതാവില്ല സ്ഥിതി. ടൗൺഷിപ്പും വ്യവസായ ഇടനാഴിയും ഒക്കെയായി ലോകത്തെ എണ്ണം പറഞ്ഞ തുറമുഖ നാടായി ഞാൻ വളരും. പുതിയ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്ര ജലഗതാഗതത്തിന്റെ അനന്ത സാദ്ധ്യതകൾ സമ്മാനിക്കുമെന്നും പ്രതീക്ഷയുണ്ട്. രാഷ്ട്രീയമൊക്കെ മാറ്റിവച്ച് വികസനക്കുതിപ്പിന് കൈകൊടുക്കാം. ഇനിയും ദൂരദൂരമുയരട്ടെ എന്റെ പെരുമ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA PIRAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA