SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.11 AM IST

കൊച്ചി മെട്രോ രേഖ ചോർച്ച: അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്

padam

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ആസ്ഥാനത്തെ കമ്പ്യൂട്ടറിൽ നിന്ന് രഹസ്യരേഖകൾ ചോർന്നതിൽ ഉദ്യോഗസ്ഥരും സംശയനിഴലിൽ. ഇക്കാര്യമടക്കം അന്വേഷണ പരിധിയിലുണ്ടെന്നും പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും കെ.എം.ആർ.എൽ എം.ഡിയും ജില്ലാകളക്ടറുമായ ജി.പ്രിയങ്ക വ്യക്തമാക്കി.

രേഖകൾ പ്രചരിച്ച 'യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റീഫോം ആൻഡ് ഡെവലപ്‌മെന്റ് ഫോറം' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തുകയാണെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ മോഹിത് റാവത്ത് പറഞ്ഞു. 'കൊച്ചിമെട്രോ രേഖകൾ വാട്‌സ്ആപ്പിൽ" എന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.

കലൂർ സ്റ്റേഡിയം സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസിൽ നിന്ന് സെപ്തംബർ രണ്ട് മുതൽ 12 വരെയാണ് രേഖകൾ ചോർന്നതെന്ന് കരുതുന്നു. ഇവ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ കെ.എം.ആർ.എൽ മെട്രോ പൊലീസിനെ സമീപിക്കുകയായിരുന്നു. കലൂർ കോർപ്പറേറ്റ് ഓഫീസിലെ ഐ.ടി വിഭാഗത്തിലുള്ള കമ്പ്യൂട്ടറും പ്രിന്ററും ഹാക്ക് ചെയ്ത് മറ്റൊരു ഇമെയിലിലേക്ക് വിവരങ്ങൾ ചോർത്തിയെന്നാണ് കെ.എം.ആർ.എല്ലിന്റെ പരാതി. രേഖകൾ ചോർന്നത് കമ്പനിയുടെ സുരക്ഷയെയും ജീവനക്കാരുടെ സ്വകാര്യതയെയും സാരമായി ബാധിച്ചതായി പരാതിയിൽ പറയുന്നു.

പ്രതിഷേധം, പിന്നാലെ ചോർച്ച

ഉദ്യോഗസ്ഥർക്കിടയിലെ ചേരിതിരിവും യോഗ്യത പരിഗണിക്കാതെ ചിലർക്ക് സ്ഥാനക്കയറ്റം നൽകിയതിലുള്ള പ്രതിഷേധങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹാക്കിംഗ് പുറത്തുവന്നത്. മെട്രോയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെൻട്രൽ കൺട്രോൾ റൂം, ട്രെയിൻ സിഗ്‌നലിംഗ് സാങ്കേതികവിദ്യ, സുരക്ഷാ നിരീക്ഷണശൃംഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമാണെന്നാണ് പ്രാഥമികവിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA