
കായംകുളം: സംഘർഷത്തിൽ പരിക്കേറ്റ് കായംകുളം സർക്കാർ ആശുപത്രിയിൽ അർദ്ധരാത്രി ചികിത്സയ്‌ക്കെത്തിയ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി, സ്റ്റാഫ് നഴ്സിന്റെ കൈയൊടിഞ്ഞു. വനിതാഡോക്ടറെ ഭീഷണിപ്പെടുത്തി അഴിഞ്ഞാടിയ സംഘം ആശുപത്രി അടിച്ചുതകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെയും സെക്യൂരിറ്റിയേയും ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കായംകുളം താലൂക്ക് ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തിയേറ്ററിലായിരുന്നു സംഭവം. മെഡിക്കൽ ഓഫീസർ ഡോ. ജൂൽക്കാജെന്നിനെ ഭീഷണിപ്പെടുത്തിയ സംഘത്തിന്റെ ആക്രമണത്തിൽ നഴ്സ് ഷൈനിയുടെ ഇടത് കൈയാണ് ഒടിഞ്ഞത്. മർദ്ദനമേൽക്കുകയും ചെയ്തു. ഇവർ ചികിത്സയിലാണ്. തുടർന്ന്, പരസ്‌പരം ഏറ്റുമുട്ടിയ സംഘം ഗ്ളാസ് വാതിൽ തകർത്തു, ഫർണിച്ചറുകളും നശിപ്പിച്ചു. തടയാൻ ശ്രമിച്ച എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും സെക്യൂരിറ്റി ജീവനക്കാരെയും കൈയേറ്റം ചെയ്തു.
കരീലക്കുളങ്ങരയിലെ ബിയർ പാർലറിന് മുന്നിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരാണ് ചികിത്സയ്ക്കായി എത്തിയത്. മൈനർ ഓപ്പറേഷൻ തിയേറ്ററിൽ യുവാക്കളെ ചികിത്സിക്കുന്നതിനിടെ ഷെഹിൻഷാ, ശ്രേയസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അകത്തുകയറി ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ ഡോ. ജൂൽക്കാജെൻ ഉൾപ്പെടെയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തി ആക്രമണം അഴിച്ച് വിടുകയായിരുന്നു. മുതുകുളം തെക്ക് മുതലപ്പള്ളിൽ കിഴക്കതിൽ ഷെഹൻഷായെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രേയസിനെ കണ്ടെത്താനുള്ള ആന്വേഷണം ഊർജ്ജിതമാക്കി. കരീലക്കുളങ്ങര ബിയർ പാർലറിന് മുന്നിൽ നടന്ന ആക്രമണത്തിൽ കരീലക്കുളങ്ങര പൊലീസും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത കേരള ആരോഗ്യരക്ഷാ സേവന ജീവനക്കാരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും നിയമം, പൊതുസ്വത്ത് നശീകരണ നിരോധന നിയമം എന്നിവ പ്രകാരം കായംകുളം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. കായംകുളം സി.ഐ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |