SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.27 AM IST

തിരഞ്ഞെടുപ്പിന് മുമ്പ് ബാറുകൾ തുറക്കാൻ സർക്കാർ ധാരണ; പങ്കുവച്ച് കഴിക്കാൻ അനുവദിക്കില്ല

reopening-of-bars

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ അടുത്താഴ്‌ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിഞ്ജാപനം ഉണ്ടാകും മുമ്പ് ബാറുകൾ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ എക്സൈസ്,പൊലീസ്, റവന്യൂ വിഭാഗങ്ങൾ ബാറുകളിൽ പരിശോധന നടത്തും.

ബാറുകൾ തുറക്കുമെന്ന് സൂചന ലഭിച്ചതോടെ കൗണ്ടർ വഴി വിൽക്കാനായി വിലകുറഞ്ഞ മദ്യങ്ങൾ എടുക്കുന്നത് ബാറുകാർ കുറച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നുളള പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു മേശയ്‌ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. ഭക്ഷണം പങ്കുവച്ച് കഴിക്കാൻ അനുവദിക്കില്ല. വെയ്റ്റർമാർ മാസ്‌കും കൈയുറയും ധരിക്കണം.

ഇതര സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപ്പോൾ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാർ ഓണേഴ്സ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ നിലപാട്. ബാറുടമകൾ പാർട്ടി നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്തു. സെക്രട്ടറിയേറ്റിൽ അനുകൂല നിലപാടുണ്ടായെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായി വരുന്ന ഘട്ടമായതിനാൽ സാവകാശം മതി ബാർ തുറക്കലെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നാലെ കൊവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടും വന്നതോടെയാണ് സർക്കാർ ബാർ തുറക്കൽ മാറ്റിവച്ചത്.

ബാറുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവംബർ ആദ്യവാരം തുറക്കാമെന്നാണ് ഇപ്പോൾ സർക്കാർ തലത്തിലെ ധാരണ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ ഡിസംബർ അവസാനം മാത്രമേ ബാറുകൾ തുറക്കാൻ കഴിയുകയുളളൂ. മൂന്നുമസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുമെന്നതിനാൽ ഡിസംബർ അവസാനം ബാർ തുറക്കുന്നത് വിവാദത്തിൽ കലാശിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ അടുത്ത മാസം ആദ്യം ബാറുകൾ തുറക്കുന്നതാണ് നല്ലതെന്ന് സർക്കാർ കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BAR, GOVERNMENT OF KERALA, BAR OWNERS ASSOSIATION, PINARAYI VIJAYAN, T P RAMAKRISHNAN, BIJU RAMESH, LOCAL BODY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA