SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.41 AM IST

കേന്ദ്രം റെഡി, ഇവിടെ ഇഴഞ്ഞിഴഞ്ഞ് ; ലക്ഷങ്ങൾക്ക് ഗുണകരം, ശബരിറെയിൽ സർക്കാരിന് വേണ്ട?

READ ENGLISH VERSION

rail

തിരുവനന്തപുരം:ഭൂമിയേറ്റെടുത്താലുടൻ നിർമ്മാണം തുടങ്ങാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും, വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം റെയിൽപ്പാതയാക്കാവുന്നതും മലയോരജില്ലകളിൽ വികസനക്കുതിപ്പുണ്ടാക്കുന്നതുമായ ശബരിറെയിലിൽ സർക്കാരിന് മെല്ലെപ്പോക്ക്. പദ്ധതിചെലവിന്റെ 50%വഹിക്കാമെന്ന് കഴിഞ്ഞ സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നിട്ടും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 303.58ഹെക്ടർ ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ ഇഴയുകയാണ്. ഇതിനുള്ള ഫയൽ മാസങ്ങളായി തട്ടിക്കളിക്കുകയാണ് റവന്യൂവകുപ്പ്.

അങ്കമാലി മുതൽ കോട്ടയം രാമപുരം സ്റ്റേഷൻ വരെ 70കിലോമീറ്റർ ദൂരത്തിൽ 20വർഷം മുൻപ് കല്ലിട്ട് തിരിച്ചതാണ്. അതുപ്രകാരം ഭൂമിയേറ്റെടുത്താൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും. അതിനാൽ പുതുതായി സാമൂഹ്യാഘാതപഠനം നടത്തണമെന്നാണ് റവന്യൂനിലപാട്. ഇക്കാര്യത്തിൽ മന്ത്രിസഭായോഗമാണ് തീരുമാനമെടുക്കേണ്ടത്. ഭൂമിയേറ്റെടുക്കലിന്റെ പുരോഗതി വിലയിരുത്താൻ യോഗംചേരണമെന്ന് സർക്കാരിന് റെയിൽവേ കത്തുനൽകിയിട്ടുണ്ട്.

വിഴിഞ്ഞംവരെ നീട്ടിയാൽ വൻനേട്ടം

അങ്കമാലി-എരുമേലിപാത രണ്ടാംഘട്ടമായി വിഴിഞ്ഞംവരെ നീട്ടിയാൽ വിഴിഞ്ഞം മുതൽ മദ്ധ്യകേരളംവരെ വ്യവസായ-സാമ്പത്തിക വളർച്ചാമേഖലയാകും. തുറമുഖത്തുനിന്ന് വേഗത്തിലും ചെലവുകുറച്ചും ചരക്കുനീക്കം സാദ്ധ്യമാവും. അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രംനൽകുന്ന പലിശരഹിത വായ്പയും കിട്ടാം. പാതയ്ക്ക് ഇരുവശവും ലോജിസ്റ്റിക്ഹബുകളും സാമ്പത്തിക-വാണിജ്യ-കാർഷിക-വ്യാപാര മേഖലകളും സ്ഥാപിക്കാം. റെയിൽപ്പാതയ്ക്കരികിലെ എസ്റ്റേറ്റുകൾ ഏറ്റെടുത്താൽ അനുബന്ധവികസനത്തിന് ഭൂമിയുമാവും.

ഭൂമിയേറ്റെടുക്കാൻ ചെലവ്:1361കോടി നിർമ്മാണത്തിന്:2439.93കോടി

മലയോരത്ത് വികസനം

1)എറണാകുളം, ഇടുക്കി,കോട്ടയം ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ശബരിമലയിലേക്കുള്ള തീർത്ഥാടകലക്ഷങ്ങൾക്കും ഗുണകരമാണ് ശബരിപാത. എരുമേലി സ്റ്റേഷനിൽനിന്ന് ശബരിമലയിലേക്ക് 43കി.മീ മാത്രം.

2)റെയിൽവേയില്ലാത്ത, അരലക്ഷത്തിലേറെ ജനസംഖ്യയുള്ള പട്ടണങ്ങളിൽ പാതനിർമ്മിക്കുന്ന കേന്ദ്രപദ്ധതിയിലുൾപ്പെടുത്താം. ഇതുവരെ ട്രെയിനെത്താത്ത ഇടുക്കിയിലടക്കം വികസനമുണ്ടാവും. പുനലൂരിൽ നിന്ന് തമിഴ്നാട്ടിലേക്കും ബന്ധിപ്പിക്കാനാവും. ചരക്കുനീക്കത്തിന് മാത്രമായൊരു ലൈനും നിർമ്മിക്കാം.

3)വാഴക്കുളം പൈനാപ്പിൾ, പെരുമ്പാവൂരിലെ അരി തുടങ്ങിയവ വിഴിഞ്ഞം തുറമുഖം വഴി വേഗത്തിൽ കയറ്റുമതി നടത്താനാവും. പെരുമ്പാവൂർ തടിവ്യാപാരകേന്ദ്രമാണ്. എസ്റ്റേറ്റുകളിൽ വ്യവസായയൂണിറ്റുകളാരംഭിച്ച് കയറ്റുമതി തുടങ്ങിയാൽ വൻവികസനസാദ്ധ്യത.

2032ൽ പണിതീർക്കാമെന്ന് റെയിൽവേ

ഭൂമിയേറ്റെടുത്ത്, അഞ്ചു വർഷത്തിനുള്ളിൽ ശബരിപാത പൂർത്തിയാക്കുമെന്നാണ് റെയിൽവേയുടെ ഉറപ്പ്. ഭൂമിയേറ്റെടുക്കലിന് ഒരുവർഷത്തോളം വേണ്ടിവരും.

3800.94കോടി

ആകെ പദ്ധതിച്ചെലവ്

1900.47കോടി

കേരളം മുടക്കേണ്ടത്

''ശബരിറെയിലിൽ ഭൂമിയേറ്റെടുക്കൽ പ്രധാന തടസ്സമായി തുടരുന്നു. 34വികസനപദ്ധതികൾ ഭൂമിയേറ്റെടുക്കലിലെ കാലതാമസം കാരണമാണ് വൈകുന്നത്.''

-അശ്വിനിവൈഷ്‌ണവ്,

റെയിൽവേമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA