SignIn
Kerala Kaumudi Online
Friday, 11 September 2026 4.33 AM IST

സഞ്ജിത്ത് വധം: പ്രതികൾ സഞ്ചരിച്ച കാർ പൊള്ളാച്ചിയിൽ പൊളിച്ചുവിറ്റു

crime

പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാർ പൊള്ളാച്ചിയിൽ പൊളിച്ചുവിറ്റതായി അന്വേഷണ സംഘം കണ്ടെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം കാറിന്റെ എൻജിൻ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ പൊള്ളാച്ചിയിലെ വർക്ക്‌ഷോപ്പിൽ നിന്നും കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും കൊല്ലങ്കോടിന് സമീപത്തുനിന്നാണ് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് കാർ പൊള്ളാച്ചി, കുമാരപാളയം തിരിവിലെ വർക്ക് ഷോപ്പിലെത്തിച്ചത്. 15,000 രൂപയ്ക്കാണ് വിറ്റത്. കൃത്യം നടത്തിയതിന് ശേഷം പാലക്കാട്- തൃശൂർ ദേശീയപാതവഴി രക്ഷപ്പെട്ട പ്രതികൾ കുഴൽമന്ദംവരെ ഒരുമിച്ചാണ് കാറിൽ യാത്ര ചെയ്തത്. കാർ കേടായതിനെ തുടർന്ന് അവിടെ നിന്ന് പ്രതികൾ പലവഴിക്ക് തിരിഞ്ഞു. നന്നാക്കിയശേഷം കാറുമായി പോയവർ വടക്കഞ്ചേരിയിൽ എത്തിയ ശേഷമാണ് മുതലമട ഗോവിന്ദാപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നത്. രണ്ടുപേർ ചേർന്നാണ് കാർ വർക്ക് ഷോപ്പിലെത്തിച്ചതെന്ന് വർക്ക് ഷോപ്പ് ഉടമ പൊലീസിനോട് വ്യക്തമാക്കി. വർക്ക് ഷോപ്പിന് സമീപത്തെ ചായക്കടയിലെ സിസി ടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. കാറുമായി വന്നവർ വാഹനത്തിന്റെ ആർ.സി ബുക്ക് കാണിച്ചുവെന്നും ഇംഗ്ലീഷിൽ ആയതിനാൽ വായിക്കാൻ കഴിഞ്ഞില്ലെന്നും വർക്ക് ഷോപ്പ് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞു. അഞ്ച് ദിവസം കഴിഞ്ഞാണ് കാർ പൊളിച്ചതെന്നും ജീവനക്കാരൻ വ്യക്തമാക്കി.

രണ്ടാമൻ റിമാൻഡിൽ
കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടാമത്തെ പ്രതിയെ ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആദ്യം പിടിയിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് അഞ്ചുപേരാണ്. ഇവരെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉടൻ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA