
തിരുവനന്തപുരം: കാലത്തിനനുസരിച്ച് കൈത്തറി മേഖലയിൽ നവീകരണം അനിവാര്യമാണെങ്കിലും പരമ്പരാഗത നെയ്ത്തുകാരുടെ താത്പര്യങ്ങൾ സംരക്ഷിച്ചാവും ആധുനികവത്കരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.
ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. കേരളത്തിലെ കൈത്തറിയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിൽ 'ഹൈടെക് ഹാൻഡ്ലൂം" നാഴികക്കല്ലാവുമെന്ന്, ചെന്നൈ ഐ.ഐ.ടിയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച 'ഹൈടെക് ഹാൻഡ്ലൂം" പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുതിർന്ന കൈത്തറി നെയ്ത്തുകാരെ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. എം. വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷനായി. വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം നഗരസഭ കൗൺസിലർ രാഖി രവികുമാർ, ഹാൻടെക്സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയൻ, ചെന്നൈ ഐ.ഐ.ടി പ്രൊഫ. ശങ്കർ കൃഷ്ണപിള്ള, ഡബ്ല്യു.എസ്.സി കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ എം. ആനന്ദൻ, ഐ.ഐ.എച്ച്. ടി കണ്ണൂർ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ, കൈത്തറിവസ്ത്ര ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് എന്നിവർ പ്രസംഗിച്ചു. 'ഹത്കർഘ മേള 2026"ന്റെ ഭാഗമായി സംസ്ഥാന ഓണം കൈത്തറി വസ്ത്രപ്രദർശനവിപണനമേള ആഗസ്റ്റ് 10 മുതൽ 25 വരെ കിഴക്കേകോട്ട ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |