
തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി വി.ഡി.സതീശനടക്കം പണം വാങ്ങിയെന്ന് കാട്ടി ഡയറി താളിന്റെ പകർപ്പ് പുറത്തുവിട്ട പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ നടപടിയിൽ ബി.ജെ.പിയിൽ അതൃപ്തിയെന്ന് സൂചന. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിൽ നിന്ന് ഇത് ശ്രദ്ധതിരിയാൻ ഇടയാക്കിയെന്നാണ് ആരോപണം.
അതിനൊപ്പം ഡയറിയുടെ പേജിൽ 'മുരളീധരൻ, ബി.ജെ.പി' എന്നത് മുതിർന്ന നേതാവ് വി.മുരളീധരനാണെന്ന ആരോപണമുയർന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കി. കേന്ദ്രമന്ത്രിയായിരുന്നപ്പോഴും പാർട്ടിയിലടക്കം വിവിധ പദവികൾ വഹിച്ചപ്പോഴും ഒരു ആരോപണവും കേൾപ്പിക്കാൻ ഇടവരുത്താത്ത നേതാവാണ് മുരളീധരൻ.
ഷോൺ പുറത്തുവിട്ട രേഖകളുടെ ആധികാരികത തനിക്കറിയില്ലെന്ന് തൃശൂരിൽ മാദ്ധ്യമങ്ങളോട് വി. മുരളീധരൻ വ്യക്തമാക്കി. താൻ വ്യക്തിപരമായി ഒരു രൂപപോലും വാങ്ങിയിട്ടില്ല. പ്രാദേശികമായി പാർട്ടി ഫണ്ടുകളിലേക്ക് ആരെങ്കിലും സംഭാവനകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അതിന് രസീത് നൽകി നൽകിയിട്ടുണ്ടാകാം. ഷോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിക്കേണ്ടത് സംസ്ഥാന പ്രസിഡന്റിനോടാണെന്നും പ്രതികരിച്ചു.
മുൻകൂട്ടി അറിയിക്കാതെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ഷോൺ ജോർജ് വാർത്താസമ്മേളനം നടത്തിയതിലും പാർട്ടിയിൽ അമർഷമുണ്ട്.
ജനശ്രദ്ധ തിരിച്ചുവിടാൻ:
രാജീവ് ചന്ദ്രശേഖർ
ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് സി.പി.എമ്മും കോൺഗ്രസും വി. മുരളീധരന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കും. പാർട്ടി അദ്ദേഹത്തോടൊപ്പം അടിയുറച്ച് നിൽക്കും. ആരോപണങ്ങൾ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |