
അതിശക്തമായി നേരിടേണ്ട വിഷയമെന്നും സുപ്രീംകോടതി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കേരളഘടകത്തിന്റെ എക്‌സ് പേജിൽ പോസ്റ്റുവന്നതിൽ കടുത്ത അതൃപ്‌തിയുമായി സുപ്രീംകോടതി. കോടതിയലക്ഷ്യനടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് അടക്കം മുഴുവൻ ഭാരവാഹികളും വിശദീകരിക്കണം. ഭാരവാഹികൾക്ക് കോടതിയലക്ഷ്യനോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഏതൊരു നീക്കത്തെയും അതിശക്തമായി നേരിടേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം.പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കോടതിയുടെ സംയമനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. കെ.പി.സി.സിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ എം.ആർ.രമേഷ്ബാബു നിരുപാധികം മാപ്പു പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. മാപ്പ് ഹൃദയത്തിൽ നിന്നാണോയെന്ന് പരിശോധിക്കും. പോസ്റ്റിട്ടയാളെ സംഘടനയുടെ ഡിജിറ്റൽമീഡിയ സെല്ലിൽ നിന്ന് പുറത്താക്കിയെന്നും കെ.പി.സി.സിയുടെ അറിവോടെയല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 70ലേറെ ഭാരവാഹികളുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ അതൊന്നും പുത്തരിയല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. എല്ലാവരും മറുപടി നൽകണം. വിഷയത്തിലെ മെരിറ്റിൽ അഭിപ്രായം പറയുന്നില്ല. കോടതിയെ അറ്റോർണിജനറൽ ആർ.വെങ്കട്ടരമണി സഹായിക്കണം. അഭിഭാഷകരായ അരവിന്ദ് ദത്താർ, ഗൗരവ് അഗർവാൾ എന്നിവരെ അമിക്കസ് ക്യൂറിയായും നിയോഗിച്ചു. വിനീത് ജിൻഡൽ, ശ്രീജേഷ് എസ്.ആർ എന്നിവരുടെ ഹർജികളിലാണിത്. ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.
രാഷ്ട്രീയപിന്തുണ ആവശ്യമില്ല
സുപ്രീംകോടതിക്ക് രാഷ്ട്രീയപിന്തുണയോ മറ്റേതെങ്കിലും അംഗീകാരമോ ആവശ്യമില്ല. ഭരണഘടനയിലും നിയമവാഴ്ചയിലുമാണ് അടിത്തറ. ഭരണഘടനയാണ് പരമോന്നതം. വ്യക്തിയോ,സ്ഥാപനമോ,രാഷ്ട്രീയസംഘടനയോ ഭരണഘടനയ്‌ക്കു മുകളിലല്ല. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം രാഷ്ട്രീയസൗകര്യത്തിനനുസരിച്ച് മാറ്റാവുന്നതല്ല. കോടതിവിധികളെ വിമർശനങ്ങൾക്ക് വിധേയമാക്കാം. എന്നാൽ ഭീഷണിപ്പെടുത്തുന്നതിനോ നീതിനിർവഹണപ്രക്രിയയിൽ ഇടപെടുന്നതിനോ ഉള്ള മറയായി അഭിപ്രായസ്വാതന്ത്ര്യത്തെ ഉപയോഗിക്കാനാവില്ല. ഉന്നതപദവിയിലിരിക്കുന്ന വ്യക്തിയായാലും, നീതിയുടെ ഒഴുക്കിനെ തടസപ്പെടുത്താൻ അനുവദിക്കില്ല. നീതിനിർവഹണ പ്രക്രിയയിൽ ഇടപെട്ടുവെന്ന് ബോദ്ധ്യമായാൽ, അതിന്ഉത്തരവാദികളായവർക്ക് എത്ര സ്വാധീനമുണ്ടെങ്കിലും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒക്ടോബർ 12നായിരുന്നു വിവാദപോസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |