
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കു വേണ്ടി 5,000 പുതിയ ബസുകൾ അഞ്ച് പൈസ ചെലവില്ലാതെ ലഭ്യമാക്കാൻ ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കി. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, വ്യക്തികൾ, ഗ്രൂപ്പുകൾ തുടങ്ങിയവരിൽ നിന്നാണ് ബസ് ലഭ്യമാക്കുക. ഒന്നിന്റെ വില പൂർണമായും ഒരു സ്ഥാപനമോ വ്യക്തിയോ നൽകണമെന്നില്ല. ജനപ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്രികൾ ഇതിനായി പ്രവർത്തിക്കും.
കമ്പനികൾക്ക് അവരുടെ പരസ്യങ്ങൾ ബസിനകത്തും പുറത്തും പതിക്കാം. ബസ് ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്പനികളുടെ താൽപര്യം കൂടി പരിഗണിക്കും. വ്യക്തികൾക്ക് പ്രിയപ്പെട്ടവരുടെ സ്മരണ നിലനിറുത്താൻ ഉൾപ്പെടെ ബസിനെ ഉപയോഗിക്കാം. പ്രിയപ്പെട്ടവരുടെ പേരും ചിത്രവും ബസിൽ പതിക്കാനാകും.
ബസ് ലഭ്യമാക്കുന്നവരുടെ താൽപര്യത്തിനുസരിച്ച് ഓർഡിനറിയായോ സൂപ്പർ ക്ലാസ് സർവീസായോ ഓടിക്കാനാകും. ഇതിലൂടെ സ്ത്രീ സൗജന്യ യാത്ര പദ്ധതി കൂടുതൽ വിപുലീകരിക്കാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. 5 വർഷത്തിനുള്ളിൽ 5,000 ബസുകൾ എന്ന ലക്ഷ്യം നേടാനാകുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്കുകൂട്ടൽ
1,500 കോടി ലാഭം
36 ലക്ഷം രൂപ മുതൽ 43 ലക്ഷം വരെയാണ് പുതിയ ഡീസൽ ബസിന്റെ വില. 30 ലക്ഷമായാൽ പോലും 5,000 ബസിന് 1500 കോടി രൂപ വേണ്ടി വരും. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം പദ്ധതി വിജയിച്ചാൽ വലിയ നേട്ടമാകും.
സർവത്ര പരസ്യം
സൗജന്യ സ്ത്രീയാത്ര പദ്ധതി ഓർഡിനറിയിൽ മാത്രം നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം ശരാശരി രണ്ടു കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്. ഈ നഷ്ടം പരിഹരിക്കുന്നതിന് ബസുകളിൽ പരസ്യം പ്രയോജനപ്പെടുത്തും. എല്ലാ ബസിന്റെയും അകത്ത് എ.ഇ.ഡി വാളുകൾ സ്ഥാപിച്ച് പരസ്യം പ്രദർശിപ്പിക്കും. ഓരോ സീറ്രിനു പുറകിലും പരസ്യം പതിക്കാനും ആലോചിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |