
തിരുവനന്തപുരം : പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന് മുനമ്പം ഭൂമി വിഷയം ഉൾപ്പെടെ കീറാമുട്ടികൾ പലത്. 500 ലേറെ പള്ളികളിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുകയും ശ്രമകരം. പുതിയ ബോർഡിൽ ചെയർമാൻ എം.സി മായിൻ ഹാജി
ഒഴികെയുള്ളവലരെല്ലാം പുതു മുഖങ്ങൾ. ബോർഡിന് കീഴിലെ പള്ളികളിലെ സുന്നി -മുജാഹിദ് തർക്കവും , ഗ്രൂപ്പ് പോരും സൃഷ്ചിക്കുന്ന തലവേദന ചെറുതല്ല.
മുനമ്പം ഭൂമി പ്രശ്നം കോടതിയിലുള്ള വിഷയമായതിനാൽ നിയമപരമായി ഇടപെടുമെന്നാണ് മായിൻ ഹാജിയുടെ വാദം.2025ലെ വക്കഫ് ഭേദഗതി നിയമ പ്രകാരം രണ്ട് അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായാണ് താൻ കോടതിയെ സമീപിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വൈസ്.പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. ഇപ്പോഴത്തെ പുനസംഘടന അസാധുവും നിയമ വിരുദ്ധവുമാണെന്നും ഷോൺ പറഞ്ഞു.പള്ളികളുടെ അനുബന്ധ ഭൂമിയും , മതപഠന സ്ഥാപനങ്ങളും ,കടമുറികളും കെട്ടിടങ്ങളുമുൾപ്പെടെ നിരവധി അന്യാധീനപ്പെട്ട സ്വത്തുക്കളും തിരിച്ചു പിടിക്കാൻ ബോർഡ് നിയമ പോരാട്ടം നടത്തേണ്ടി വരും
2016ലെ വഖഫ് അഴിമതി ആരോപണവുമായ് ബന്ധപ്പെട്ട് അന്ന് ബോർഡംഗമായിരുന്ന നിലവിലെ ചെയർമാനുൾപ്പെടെയുള്ളവർക്കെതിരെ ടി.എം അബ്ദുൾ സലാം എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേസെടുക്കാൻ രണ്ട് തവണ വിജിലൻസ് കോടതി ഉത്തരവുണ്ടായിട്ടും നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വീണ്ടും ഹരജി നൽകി. പുതിയ പുനഃസംഘടന ചോദ്യം ചെയ്ത് മുൻ ചെയർമാൻ കെ.എം ഹംസയും അംഗമായിരുന്ന ഉസ്മാൻ ഹാജിയും നൽകിയ ഹർജിയിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസയക്കാൻ ഉത്തരവിട്ടിരുന്നു.
സമസ്തയിലെ ഇ.കെ വിഭാഗത്തിന് ബോർഡിൽ പരിഗണന നൽകിയെങ്കിലും കാന്തപുരം വിഭാഗത്തിന് പ്രാതിനിദ്ധ്യം ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. എല്ലാ വിഭാഗത്തിനും അർഹമായ പരിഗണന നൽകിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വ്യക്തമാക്കിയെങ്കിലും, എ.പി വിഭാഗം അതൃപ്തിയിലാണ്.. സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിനെതിരെ 22ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിന് കേരള മുസ്ലീം ജമാഅത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |