
തൃശൂർ: 'എമ്പുരാൻ' സിനിമ വിവാദത്തിൽ പ്രതികരിച്ച് ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചത്. 'ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു.' എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം, എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതുവരെ തിരക്കഥാകൃത്ത് മുരളിഗോപി പ്രതികരിച്ചിട്ടില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും ഇതുവരെ മുരളിഗോപി അതിന് തയ്യാറായിട്ടില്ല.
സിനിമ വിവാദമായതിനെക്കുറിച്ചോ മോഹൻലാലിന്റെ സാമൂഹികമാദ്ധ്യമക്കുറിപ്പ് പങ്കുവയ്‌ക്കുന്നതിനെക്കുറിച്ചോ തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. മറ്റ് കാര്യങ്ങളിലും അദ്ദേഹം പ്രതികരണം നടത്തിയില്ല. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണം ഉയർന്നിട്ടും മുരളിഗോപി പ്രതികരിച്ചില്ല.
എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായതിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ ഇന്നലെയാണ് പോസ്റ്റിട്ടത്. ഔദ്യോഗിക സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ലൂസിഫർ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നുവന്ന രാഷ്ട്രീയ സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറെ പേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാൻ അറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്.
അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ചു തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ട് നിങ്ങളിലൊരാളെയാണ് ഞാൻ എന്റെ സിനിമ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാലിനെ പിന്തുണച്ച് പൃഥ്വിരാജും പിന്നീടെത്തി. മോഹൻലാലിന്റെ കുറിപ്പ് ഷെയർ ചെയ്താണ് പൃഥ്വിരാജ് പിന്തുണ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |