
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാരിന് സമാനമായി കേരളത്തിലെ യു.ഡി.എഫ് സർക്കാർ ചീഫ് ഇലക്ടറൽ ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വിമർശനം. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഇട് നേതാക്കളായ പി. രാജീവ്, വി.കെ. സനോജ് എന്നിവർ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ബി,ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ബംഗാളിൽ ബി.ജെ.പി ഇതേകാര്യം ചെയ്തപ്പോൾ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഉയർത്തിയ പ്രതിഷേധത്തെ പരിഹസിച്ചു കൊണ്ടാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗാളിൽ ബി. ജെ. പി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം. കേരളത്തിൽ വി. ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം.... എന്നാണ് സുരേന്ദ്രന്റെ വിമർശനം.
ബംഗാളിൽ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുൽ ഗാന്ധി എതിർക്കുമ്പോഴാണ് കേരളത്തിൽ അതേതരത്തിലുള്ള നിയമനം നടന്നിരിക്കുന്നതെന്നാണ് മുൻമന്ത്രി പി, രാജീവ് ചൂണ്ടിക്കാട്ടിയത്. 'തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് ഒരു കൊള്ള നടത്തി, ആ വലിയ കൊള്ളയ്ക്കുള്ള വലിയ അംഗീകാരമാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനമെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതേ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. തിരഞ്ഞെടുപ്പ് ചുമതല വഹിച്ച ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിലെ സെക്രട്ടറിയായിത്തന്നെ നിയമിച്ചിരിക്കുന്നു. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം തന്നെ ഇതിനെക്കുറിച്ച് വ്യക്തത നൽകേണ്ടതുണ്ട്. അവർ ബംഗാളിൽ എടുത്ത നിലപാട് തന്നെയാണോ കേരളത്തിലും എടുക്കുക എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം.' പി. രാജീവ് പറഞ്ഞു.
വിഷയത്തിൽ രാഹുൽ ഗാന്ധി നയം വ്യക്തമാക്കണമെന്ന് വി.കെ. സനോജും അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
വി.കെ. സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'കൂടുതൽ വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ വലിയ പ്രതിഫലം ലഭിക്കും.' പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ മനോജ് അഗർവാൾ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിതനായപ്പോൾ രാഹുൽ ഗാന്ധി നടത്തിയ മറുപടി ഇപ്രകാരമായിരുന്നു.ഇപ്പോൾ കേരളത്തിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനാകുമ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി എന്താണ്?ഇലക്ഷൻ കമ്മീഷന്റെ ഡോക്കുമെന്റിൽ ബിജെപിയുടെ സീൽ പതിച്ച വിവാദ വിഷയത്തിൽ ന്യായം പറഞ്ഞയാൾ എന്ത് കള്ളം ചെയ്ത് തന്നതിന് കൊടുത്ത റിവാർഡാണ് ഈ സെക്രട്ടറി പദവിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം.യുഡിഎഫുകാർ ഇലക്ഷൻ കാലത്ത് ഡീൽ ആരോപണം ഉയർത്തിയതും ലീഗുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്‌ട്രോങ്ങ് റൂമിന് കാവലിരുന്നതുമൊക്കെ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റ രീതിയാണെന്ന് ഇപ്പോൾ മലയാളികൾ മനസ്സിലാക്കുന്നുണ്ട്.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |