SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.58 AM IST

കെ.പി.സി.സിക്ക് പുതിയ പ്രസിഡന്റ് വീണ്ടും മീഡിയ ഊഹച്ചർച്ച

aa

തിരുവനന്തപുരം: ഇടവേളയ്ക്ക് വിരാമമിട്ട് കെ.പി.സി.സി പ്രസിഡന്റ് പദവുമായി ബന്ധപ്പെട്ട് വീണ്ടും മീഡിയ ചർച്ചകൾ കൊഴുക്കുന്നു. മന്ത്രി എ.പി.അനിൽകുമാർ പ്രസിഡന്റാവുമെന്നാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.അത് ശരിയല്ലെന്നാണ് മന്ത്രിയുമായി അടുപ്പമുള്ളവർ പറയുന്നത്.കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാണ് അനിൽകുമാർ.

കൊടിക്കുന്നിൽ സുരേഷ്, അടൂർപ്രകാശ്, ബെന്നിബഹനാൻ, വി.എസ്.ശിവകുമാർ, ജോസഫ് വാഴയ്ക്കൻ തുടങ്ങി അര ഡസൻ നേതാക്കളുടെ പേരുകൾ കുറേ നാളുകളായി അന്തരീക്ഷത്തിലുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് മന്ത്രിയായതോടെ കെ.പി.സി.സി നാഥനില്ലാക്കളരിയായെന്ന പരാതി പല മുതിർന്ന നേതാക്കളും ഉയർത്തിയിരുന്നു. 10 വർഷത്തിനുശേഷം കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ, ഭരണ നേട്ടങ്ങൾ വേണ്ടവിധം ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടി സംവിധാനത്തിന് കെൽപ്പില്ലാതായെന്ന ആക്ഷേപമാണ് പൊതുവേയുള്ളത്.

എന്നാൽ,​ കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിൽ ഗൗരവതരമായ ഒരു ചർച്ചയും തുടങ്ങിയിട്ടില്ല. സമരകോലാഹലങ്ങളുടെ തിരക്കിലാണ് എ.ഐ.സി.സി നേതാക്കൾ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽഗാന്ധി എന്നിവർ നടത്തുന്ന ചർച്ചയുടെ തുടർച്ചയായേ മറ്റു കാര്യങ്ങൾ വരൂ. സംഘടനാ ചുമതലയുള്ള എ,ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഏറ്റവും അടുപ്പക്കാരോട് പോലും ഇതേവരെ മനസ് തുറന്നിട്ടുമില്ല.കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലെ കാര്യങ്ങൾ എ.ഐ.സി.സിയെ അറിയിക്കുന്നുണ്ടെങ്കിലും പുനഃസംഘടനയിലേക്കുള്ള ചർച്ചയ്ക്ക് തുടക്കമിടാൻ അത് പര്യാപ്തമല്ല.

മല്ലികാർജ്ജുൻ ഖാർഗെയുടെ പിന്തുണയുള്ള കൊടിക്കുന്നിൽ സുരേഷ് കെ.പി.സി.സി തലപ്പത്ത് എത്തുമെന്ന പ്രചാരണം ഒരു ഘട്ടത്തിൽ ശക്തമായിരുന്നു. അതിനു തടയിടാനാണ് അനിൽകുമാറിന്റെ പേര് ഉയർത്തിക്കൊണ്ടുവന്നതെന്നും പറയുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA