SignIn
Kerala Kaumudi Online
Sunday, 20 September 2026 11.44 AM IST

''ഒരു എതിരാളി കുറഞ്ഞുപോയി എന്നതിൽ വിഷമമുണ്ട്'', ജ്യോതികുമാർ ചാമക്കാല

READ ENGLISH VERSION
jyothi-sandeep

പാലക്കാട്: ഒരു എതിരാളി കുറഞ്ഞുപോയി എന്നതിൽ വിഷമമുണ്ടെന്ന് കെപിസിസി വക്താവ് ജ്യോതികുമാർ ചാമക്കാല. നല്ലൊരു എതിരാളി ആയിരുന്നു സന്ദീപ് വാര്യർ. നന്നായി കാര്യങ്ങൾ പഠിക്കുകയും , അവതരിപ്പിക്കുകയും, വേണ്ടി വന്നാൽ തന്നെ പോലെ തന്നെ പരിധിവിട്ട് സംസാരിക്കാനും ശേഷിയുള്ള ആളായിരുന്നു. ഒരു ഗോദയിൽ പരസ്‌പരം മല്ലടിച്ചുകൊണ്ടിരുന്നവർ ഒന്നിച്ചപ്പോഴുള്ള ബുദ്ധിമുട്ട് ഇനി മാദ്ധ്യമങ്ങൾക്കാണ്. ഞങ്ങളോടൊപ്പം സന്ദീപ് വന്നതിൽ സന്തോഷമുണ്ടെന്നും ചാമക്കാല പ്രതികരിച്ചു.

ബിജെപിയിൽ നിന്ന് കരുതലും താങ്ങും പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയത്. വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്‌ടറിയായി ബിജെപി മാറി. അതിൽ പെട്ടുപോവുകയായിരുന്നു താൻ. ജനാധിപത്യം മാനിക്കാത്ത, ഏകാധിപത്യം മാത്രം കാത്തു സൂക്ഷിക്കുന്ന പാർട്ടിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.

മതേതരത്വം പറഞ്ഞതിന്റെ പേരിൽ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കൽപ്പിച്ചു. ബിജെപിയിൽ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്‌ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോൺഗ്രസിലേക്ക് എത്തിയതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും സുരേന്ദ്രൻ നടത്തുന്ന അഡ്‌ജസ്‌റ്റ്‌മെന്റുകളെ എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. കരുവന്നൂരും കൊടകരയും തമ്മിൽ പരസ്‌പരം വച്ചുമാറുന്നത് എതിർത്തു എന്നതാണ് താൻ ചെയ‌്ത കുറ്റം. ധർമ്മരാജന്റെ കോൾ ലിസ്‌റ്റിൽ പേരില്ലാതെ പോയി എന്നതാണ് താൻ ചെയ‌്ത കുറ്റം. ഇതൊക്കെ ഒരു കുറവാണെങ്കിൽ അത് അംഗീകരിച്ചുകൊണ്ട് ഇനി സ്നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുകയാണെന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചുകൊണ്ട് സന്ദീപ് വ്യക്തമാക്കി.

അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കുന്ന ഒരു ഫാക്‌ടറിയിൽ ഇത്രയും നാളും പ്രവർത്തിച്ചതിന്റെ ജാള്യതയാണ് തനിക്കിപ്പോൾ. തന്നെ കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഐസിസി നേതൃത്വത്തിനും സന്ദീപ് വാര്യർ നന്ദി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JYOTHIKUMAR CHAMAKKALA, SANDEEP VARIER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA