
തിരുവനന്തപുരം: അഞ്ചുവർഷംമുമ്പ് വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പിണറായി വിജന്റെ നേതൃത്വത്തിൽ രണ്ടാമത് എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിലേറുന്നു. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന് നേരിടേണ്ടിവന്നത് കനത്ത പരാജയമായിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരമക്കുറിപ്പ് കാേൺഗ്രസുകാർതന്നെ എഴുതിത്തുടങ്ങിയ സമയം. ആ അവസരത്തിലാണ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവായി പരീക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യറായത്. ശരിക്കും അതൊരു തലമുറ മാറ്റത്തിനായിരുന്നു തുടക്കം കുറിച്ചത്. എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി നിലകൊണ്ടെങ്കിലും രണ്ടാം നിരയിലേക്ക് അധികാരം കൈമാറണമെന്ന എഐസിസിയുടെ കർശന നിർദ്ദേശം നൂറുശതമാനം യോജിച്ചതായിരുന്നു എന്ന് അഞ്ചുവർഷം കഴിഞ്ഞപ്പോൾ വ്യക്തമായിരിക്കുകയാണ്.
മൃഗീയ ഭൂരിപക്ഷമുള്ള, ഇരട്ടച്ചങ്കനെന്ന് വിളിപ്പേരുള്ള സാക്ഷാൽ പിണറായി വിജയനെ നേരിടാൻ സതീശനെക്കൊണ്ട് ആവുമോ എന്ന് കോൺഗ്രസിലെ പലരും നെറ്റിചുളിച്ചിരുന്നു. എന്നാൽ വിമർശിച്ചവരെയും അല്ലാത്തവരെയും ഒപ്പംകൂട്ടി പതിനെട്ടടവും പയറ്റി മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിസ്മങ്ങൾ എന്ന പൂഴിക്കടകനുമായി സതീശൻ നയിച്ച യുദ്ധത്തിനൊടുവിൽ പിണറായിയും കൂട്ടരും ദയനീയമായി പരാജയപ്പെടുന്നത് കേരളം കണ്ടു.
2021ൽ വിഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ, അതുവരെ കേരളം കണ്ടിരുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വഴിതന്നെ പിന്തുടരുമെന്നാണ് പാർട്ടിക്കാർ പോലും വിചാരിച്ചിരുന്നത്. ശക്തരായ ജാതി,സമുദായ നേതാക്കളെ പിണക്കാതെയായിരുന്നു കോൺഗ്രസിന്റെ അതുവരെയുളള മുന്നോട്ടുപോക്ക്. സാമൂഹിക സംഘടനകൾ പലപ്പോഴും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഒരു സംസ്ഥാനത്ത് ഈ രീതി ഒഴിവാക്കാനാവാത്തതും ആയിരുന്നു. എന്നാൽ സതീശൻ ആ പാത പിന്തുടർന്നില്ല. സമുദായ നേതാക്കളുടെ അനുഗ്രഹം തേടാൻ അദ്ദേഹം പോയില്ല. ഇത് ദോഷം ചെയ്യുമെന്ന് പലരും ഉപദേശിച്ചെങ്കിലും അദ്ദേഹം നിലപാട് മാറ്റിയില്ല. ഇതിന്റെപേരിൽ ചില സമുദായ നേതാക്കളിൽ നിന്ന് വലിയ രീതിയിലുള്ള ആക്ഷേപം കേൾക്കേണ്ടിവന്നെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. ജനാധിപത്യത്തിൽ അവരവരുടെ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു ഇതിന് മറുപടിയായി സതീശൻ പറഞ്ഞത്.
ഈ പ്രതികരണം അദ്ദേഹത്തിന്റെ മാത്രമല്ല കോൺഗ്രസിന്റെ തന്നെ പുതിയൊരു രാഷ്ട്രീയ ശൈലിയുടെ തുടക്കമായിരുന്നു. സതീശൻ സ്വീകരിച്ച നിലപാടുകൾ എല്ലാം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു യുഡിഎഫിന്റെ ഇപ്പോഴത്തെ മിന്നും ജയം. ചില സമുദായ നേതാക്കൾ സതീന്റെ രക്തത്തിനായി ദാഹിച്ചെങ്കിലും അവർക്ക് സ്വന്തം സമുദായാഗംങ്ങളുടെ ഇടയിൽപ്പോലും കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്നതിന് തിരഞ്ഞെടുപ്പ് ഫലം തന്നെ തെളിവ്.
പാർട്ടിയെ പുനർനിർമ്മിച്ചു
പിണറായിക്ക് തുടർ ഭരണം കിട്ടിയതോടെ കേരളത്തിലെ കോൺഗ്രസും യുഡിഎഫും ആത്മവിശ്വാസം തീർത്തും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.ഗ്രൂപ്പുപോരുകൾ കൂടിയായതോടെ കോൺഗ്രസ് തീർന്നു എന്നുതന്നെ ഏവരും കരുതി.ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന പരസ്യ നിലപാടെടുത്ത സതീശൻ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ പാർട്ടിയിലെ ആധിപത്യത്തെയും ചോദ്യംചെയ്തു. സ്വതവേ സൗമ്യശീലനായ സതീശൻ ചിലപ്പോഴൊക്കെ ഈ വിഷയത്തിൽ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയും ചെയ്തു. ഇത്തരമൊരു നിലപാടെടുക്കുമ്പോൾ ആരുടെയും പക്ഷംപിടിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
കെ സുധാകരൻ കെപിസിസി പ്രസിഡന്റായ സമയത്താണ് ഉപതിരഞ്ഞെടുപ്പുകളുടെ ചുമതല സതീശനിൽ എത്തിച്ചേർന്നത്. ആ തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ചതോടെ സതീശനിലെ തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെ ജനങ്ങളും കോൺഗ്രസും തിരിച്ചറിഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വവും ഇത് തിരിച്ചറിഞ്ഞു. സുധാകരനെ മാറ്റി സണ്ണിജോസഫിനെ കൊണ്ടുവന്നതോടെ യുഡിഎഫ് പൂർണമായും സതീശനിലേക്ക് എത്തുകയായിരുന്നു.
ടീം യു ഡി എഫ്
ഗ്രൂപ്പിന്റെ പേരിൽ തമ്മിൽത്തല്ലുന്ന കോൺഗ്രസിന് ടീം യുഡിഎഫ് എന്ന സന്ദേശം നൽകാൻ അദ്ദേഹത്തിനായി. ലോക്‌സഭ, തദ്ദേശം, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നും വിജയത്തിന് ടീം യുഡിഎഫ് എന്ന ഒത്തൊരുമ നൽകിയ പങ്ക് ഏറെ വലുതാണ്. എല്ലാവരും ഒരേദിശയിലേക്കാണ് നീങ്ങുന്നതെന്ന ബോധം യുഡിഎഫുകാർക്കും ജനങ്ങൾക്കും നൽകാൻ ഇതിലൂടെ കഴിഞ്ഞു. മുസ്ലീം ലീഗ്, കേരള കോൺഗ്രസ് വിഭാഗങ്ങൾ ഒരു എതിർപ്പുംകൂടാതെ സതീശന് പിന്നിൽ അണിചേർന്നു.
യഥാർത്ഥ ഇടതുപക്ഷം
കോൺഗ്രസിനെ യഥാർത്ഥ ഇടതുപക്ഷമായി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതിൽ സതീശൻ പൂർണമായി വിജയിച്ചു. കടുത്ത ഇടതുപക്ഷക്കാരുടെ ഇടയിൽനിന്നുപോലും ഇതിന് ലഭിച്ച പിന്തുണയാണ് കണ്ണൂർ പോലുള്ള സിപിഎം കോട്ടകൾ പലതും തകർന്നടിഞ്ഞത്. പ്രതിപക്ഷ പ്രചാരണ രീതിയെയും സതീശൻ മാറ്റി.കേരളത്തിലെ വിവിധ മേഖലകളെ ബാധിക്കുന്ന വിഷയങ്ങൾ വ്യക്തമായി പഠിച്ചു. ഇതിന് പരിഹാരത്തിനായി വിദഗ്ധരുമായി കൂടിയാലോചിച്ചു. തൊഴിലില്ലായ്മ, ആരോഗ്യ സംരക്ഷണം, സമ്പദ്വ്യവസ്ഥ, വികസനം എന്നിവയെക്കുറിച്ചുള്ള ബദൽ നയ ആശയങ്ങൾ തയ്യാറാക്കി.ഇത്തരം ഇടപെടലുകൾ വൻ ജനകീയതയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. എല്ലാത്തിനും സർക്കാരിനെ ആക്രമിക്കുന്നതിനുപകരം പൊതുജനങ്ങളുടെ ആശങ്കകൾ കേൾക്കാൻ തയ്യാറുള്ള ഒരു പ്രതിപക്ഷത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കാൻ ഇതെല്ലാം സഹായിച്ചു.നിയമസഭയ്ക്കുള്ളിലും സതീശൻ ശക്തമായ സാന്നിദ്ധ്യമായി. നുണയൻ, നിലപാടുകൾ ഇല്ലാത്തവൻ എന്നൊക്കെ ഭരണപക്ഷവും സോഷ്യൽ മീഡിയയും വിമർശിച്ചപ്പോഴും അതിലൊന്നും കുലുങ്ങാതെ താൻ സ്വന്തമായി വെട്ടിയ വഴിയിലൂടെ അദ്ദേഹം യാത്ര തുടർന്നു.
ഉപതിരഞ്ഞെെടുപ്പുകൾ ഉൾപ്പെടെ തിരഞ്ഞെടുപ്പുകളുടെ ഒരു പരമ്പരകൾ വിജയിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ആത്മവിശ്വാസം വളർന്നു. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രസ്താവന ഇതിന് തെളിവാണ്. ജനങ്ങളുടെ പൾസ് മനസിലാക്കുന്ന, ക്രൗഡ് പുള്ളറായ ഒരു ഒരു നേതാവെന്ന നിലയിൽ സതീശൻ മാറി. ഇതിന് പകരം വയ്ക്കാൻ കോൺഗ്രിൽ സതീശൻ മാത്രമേ ഉള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |