കോഴിക്കോട്: കല എന്നത് ഉള്ളിൽ നിന്നും വരുന്ന പ്രചോദനമാണ് എന്നാണ് പറയാറ്. നൃത്തമോ, സംഗീതമോ ചിത്രരചനയോ അങ്ങനെ പലതരം കലകൾ ആസ്വദിക്കാൻ ഭാഷ വേണ്ട. അത് മനസുകൊണ്ടാണ് ആസ്വദിക്കാറ്. ലോകത്തെവിടെയുള്ളവരും സംഗീതം ആസ്വദിക്കുന്നത് അതിനാലാണ്.
കുട്ടിക്കാലത്ത് ടിവിയിലെ പാട്ട് പരിപാടികൾ കേട്ട് മനസിൽ പതിഞ്ഞ കലയിലെ താളം തബല വായനയിലൂടെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു ചെറുപ്പക്കാരനുണ്ട്. കോഴിക്കോട് തലക്കളത്തൂർ സ്വദേശിയായ ചഞ്ചൽ ആണത്. 26കാരനായ ചഞ്ചലിന് കാഴ്‌ചയുടെ ലോകം തെളിഞ്ഞതല്ല നേരിയ വെട്ടം മാത്രമേ കാണാനാകൂ, പക്ഷെ സംഗീതത്തിന്റെ ലോകമാകട്ടെ മിഴിവാർന്നതാണ്.
ദൂരദർശനിൽ ചിത്രഗീതം പോലെയുള്ള പാട്ട്പരിപാടികളിലെ പാട്ടുകൾ കേട്ടാണ് ചഞ്ചലിന് പാട്ടിലെ താളത്തോട് അടുപ്പം തോന്നിത്തുടങ്ങിയത്. അത് പിന്നീട് തബലയോടുള്ള ഇഷ്‌ടമായി. മെല്ലെ തബല പഠിക്കണമെന്ന ആഗ്രഹം മനസിലുദിച്ചു. കാഴ്‌ചയില്ലാത്ത തനിക്ക് താളനിബദ്ധമായ തബലവായന എങ്ങനെ പഠിച്ചെടുക്കാനാകും എന്ന സംശയം മനസിലുണ്ടായിരുന്നു. അവിടെയാണ് ശിവദാസ് ചേമഞ്ചേരി എന്ന അദ്ധ്യാപകൻ സഹായത്തിനെത്തിയത്.
ഗാനഗന്ധർവൻ യേശുദാസിനും ചിത്രയ്‌ക്കുമെല്ലാമൊപ്പം പ്രവർത്തിച്ചയാളായിരുന്നു ഗുരു. അദ്ദേഹം ഏറെ ക്ഷമയോടെ ചഞ്ചലിനെ തബലയുടെ ലോകത്തേക്ക് വഴിനടത്തി. അങ്ങനെ ഏഴാം ക്‌ളാസ് മുതൽ ചഞ്ചൽ തബല പഠിച്ചുതുടങ്ങി. കേരളകലാക്ഷേത്രയിൽ ആഴ്‌ചയിൽ ഒരു ക്‌ളാസാണ് പതിവ് മാസത്തിൽ നാല് ക്‌ളാ സുകളും. പത്ത് വർഷത്തോളം മാഷിന്റെയടുത്ത് തബല പഠിച്ചു.
പ്രധാനമായും ഗാനമേളകളിൽ തബല വായിക്കാനായി പോകാറുണ്ട്. വിളിക്കുന്ന മിക്കയിടത്തും പറ്റുമെങ്കിൽ പോകാറുണ്ട്. ഒപ്പം ഭജൻസ് പോലെയുള്ള പരിപാടികളിലും പങ്കെടുക്കാറുണ്ട്. തബല പ്രധാനമുള്ള ഒരു മ്യൂസിക് ബാൻഡ് ആരംഭിക്കണം എന്ന ആഗ്രഹം ചഞ്ചലിനുണ്ട്. നന്ദഗോവിന്ദം പോലെയുള്ള ഭജൻസ് ട്രൂപ്പുകൾക്ക് നാട്ടിൽ ഏറെ ശ്രദ്ധ കിട്ടുന്നുണ്ട്. പാട്ടിനൊപ്പം തബല വായന വരുമ്പോഴാണ് കൂടുതൽ അതിന് പ്രാധാന്യം വരുന്നതെന്ന് ചഞ്ചൽ പറയുന്നു.
കുട്ടിക്കാലത്ത് തബല പഠനം ആരംഭിച്ചതിനാൽ തന്നെ സ്‌കൂൾ കലോത്സവങ്ങളിലും മറ്റും പങ്കെടുത്ത് പുരസ്‌കാരങ്ങളും ബഹുമതികളും ചഞ്ചൽ നേടിയിട്ടുണ്ട്. തിരുവങ്ങൂർ ഹയർസെക്കന്ററി സ്‌കൂളിൽ പഠിക്കുന്നകാലത്ത് അവിടുത്തെ സംഗീതാദ്ധ്യാപകനായ അനീഷ് മാഷാണ് സംഗീതത്തിന്റെ വലിയ ലോകത്തേക്ക് ചഞ്ചലിനെ കൊണ്ടുവന്നത്. അന്ന് ഗാനമേള മത്സരം പതിവുണ്ടായിരുന്നു അതിൽ ആരാണ് നന്നായി താളമനുസരിച്ച് തബല വായിക്കുക എന്ന് ടെസ്റ്റ് നടത്തി. അതിൽ സെലക്ഷൻ കിട്ടി. അതുവഴിയാണ് ഗാനമേളയ്‌ക്ക് തബല വായിച്ചുതുടങ്ങിയത്.
പ്ളസ്‌ടു പഠനസമയത്ത് തബല വായനയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി. നാടൻപാട്ട് മത്സരത്തിലെ തബല വായനയ്‌ക്ക് ഡൽഹിയിൽ നിന്ന് കേന്ദ്ര പുരസ്‌കാരവും കിട്ടി. വൈകല്യങ്ങളുണ്ടാക്കുന്ന പ്രതിസന്ധിയെക്കാൾ ജീവിതത്തിൽ പിന്തുണ ലഭിക്കാതെ വരുമ്പോഴാണ് കലാകാരന് പ്രയാസം വരികയെന്ന് ചഞ്ചൽ വിശ്വസിക്കുന്നു. കുടുംബവും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണ് കലാരംഗത്ത് സഹായമായത്. ചന്തുക്കുട്ടിയാണ് ചഞ്ചലിന്റെ പിതാവ്. ഷീജ അമ്മ, സഹോദരി ചിഞ്ചിത. കുടുംബത്തിൽ കലാസപര്യയുള്ളവർ മറ്റാരുമില്ല എന്നാൽ നല്ല രീതിയിൽ പിന്തുണയുണ്ട്.
കോളേജ് പഠനകാലത്ത് കലാരംഗത്ത് ശോഭിക്കാനാകും എന്ന് കരുതി. മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ് കോളേജിൽ ചേർന്നു. മലയാളം ബിഎയ്‌ക്കാണ് ചേർന്നത്. ആദ്യവർഷം കോളേജ് കലോത്സവത്തിൽ എഗ്രേഡ് നേടി. എന്നാൽ അപ്പോഴേക്കും കൊവിഡ് ലോക്‌ഡൗണെത്തി. അതോടെ പഠനം പ്രതിസന്ധിയിലായി.
കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരിശീലനത്തിന് ധാരാളം സമയം ലഭിച്ചു. പരിപാടികൾ അക്കാലത്ത് കുറഞ്ഞതോടെ തന്റെ പ്രകടനം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത് ജനങ്ങളെ അറിയിക്കാൻ തുടങ്ങി ചഞ്ചൽ. ഇൻസ്‌റ്റഗ്രാമിൽ അതോടെ ഫോളോവേഴ്‌സും വർദ്ധിച്ചു. നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ, വിഷ്‌ണുലോകത്തിലെ കസ്‌തൂരി എന്റെ കസ്‌തൂരി, കളിയാട്ടത്തിലെ വേളിക്ക് വെളുപ്പാൻകാലം ഇങ്ങനെ നിരവധി പാട്ടുകൾക്ക് ധാരാളം വ്യൂവ്‌സ് ലഭിച്ചു. ഇതുകൂടാതെ ചലച്ചിത്ര ഗായകരായ മധു ബാലകൃഷ്‌ണൻ, മഞ്ജരി, ജ്യോത്‌സ്ന ഇവരെല്ലാം തബലവായനയെ അഭിനന്ദിച്ചു. ഫോളോവേഴ്‌സ് ഈ പാട്ട് പാടുമോ എന്ന് ചോദിച്ച് സന്ദേശങ്ങളും നൽകിത്തുടങ്ങി ഇത് തനിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ചഞ്ചൽ പറയുന്നു. നിലവിൽ ഇൻസ്റ്റഗ്രാമിൽ 24,000ത്തോളം ഫോളോവേഴ്‌സും ഫേസ്‌ബുക്കിൽ പതിനായിരത്തിലധികം ഫോളോവേഴ്‌സുമുണ്ട്.
ഇപ്പോൾ ചെണ്ടയും വയലിനും പഠിക്കുന്നുണ്ട്. ആദ്യകാലത്ത് വീട്ടുകാരുടെ സഹായമുണ്ടായെങ്കിലും ഇപ്പോൾ കലാപരമായ തന്റെ ആവശ്യങ്ങൾക്കടക്കം തബലവായനയിലൂടെ ലഭിക്കുന്ന വരുമാനം തന്നെയാണ് ഉപയോഗിക്കുന്നത്. സ്വന്തം കാര്യങ്ങൾ സ്വയമേ തന്നെയാണ് ചഞ്ചൽ നോക്കുന്നത്. ഇപ്പോൾ പിഎസ്‌സി പഠനവുമുണ്ട്. നല്ലൊരു സർക്കാർ ജോലി നേടുകയാണ് ഇപ്പോൾ ലക്ഷ്യം. തന്റെ കലാപ്രവർത്തനത്തിന് ഒരു തടസമുണ്ടാകാതെ ജോലി മുന്നോട്ട് കൊണ്ടുപോകാനാകും എന്ന പ്രതീക്ഷയിലാണ് പഠനം നടത്തുന്നത്. കലയിലൂടെ സുന്ദരമായൊരു ലോകവുമായി ചഞ്ചൽ മുന്നോട്ടുതന്നെ പോകുകയാണ്.
Chanchal, a 26-year-old visually impaired young man from Thalakkulathur, Kozhikode, turned his childhood love for television music programs into a passion for playing the tabla. Though he has limited vision, music brings colour and brilliance to his world.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |