
ജീവിതം എന്ന മഹാസാഗരത്തിൽപ്പെട്ട് ഉഴലുന്ന അവളുടെ ജീവിതം ആരുമറിഞ്ഞില്ല. അല്ലെങ്കിൽ, അറിഞ്ഞവർ തന്നെ അറിഞ്ഞില്ലെന്ന ഭാവം നടിച്ചു. കുടുംബത്തിനുവേണ്ടി എന്തെല്ലാം ത്യജിച്ചു! അവളുടെ മോഹങ്ങൾ, സ്വപ്‌നങ്ങൾ, സന്തോഷം; എന്തിന്, ഒരു നല്ല വസ്ത്രം, നല്ല ആഹാരം... മറ്റുള്ളവരെപ്പോലെ സന്തോഷം നിറഞ്ഞ ജീവിതം... എല്ലാം മനസിന്റെ മാന്ത്രികച്ചെപ്പിൽ ഒതുക്കിവച്ച് അവൾ നടന്നു നീങ്ങി. തിരക്കുകൾക്കിടയിൽ നല്ല ഭക്ഷണം കഴിക്കാൻ പോലും മറന്നുപോയ ജീവിതം!
ഇന്ന്, മോർച്ചറിയിൽ വിറങ്ങലിച്ച ശരീരമായി ഉറങ്ങുമ്പോഴും അവളുടെ കൈകൾ എന്തോ തിരയുന്നതു പോലെ. തിരിഞ്ഞുനോക്കുമ്പോൾ ഇല്ലായ്മയും പൊല്ലായ്മയും നിറഞ്ഞ ബാല്യം. ആഹാരത്തിനും വിദ്യാഭ്യാസത്തിനും അതിർവരമ്പുകളുള്ള ബാല്യത്തിലും അച്ഛൻ, അമ്മ, കൂടപ്പിറപ്പുകൾ... എല്ലാവരുമുള്ള സന്തോഷം നിറഞ്ഞ നാളുകൾ. പക്ഷേ, ആ സന്തുഷ്ടകാലത്തിന് ദീർഘായുസ് നല്കാൻ ദൈവം അനുവദിച്ചില്ല. ക്യാൻസറിന്റെ രൂപത്തിൽ അച്ഛനും, ആക്‌സിഡന്റിന്റെ രൂപത്തിൽ അമ്മയും ഏക സഹോദരനും നീറുന്ന ഓർമ്മയായി. പത്താം വയസിൽ അവൾ താഴെയുള്ള മൂന്നുപേർക്ക് ചേച്ചിയമ്മയായി...
അനുജനെ പഠിപ്പിക്കാനും അനുജത്തിമാരുടെ ജീവിതം കരുപ്പിടിപ്പിക്കാനും ജാനകി ഓടിയ വഴികൾ അവൾക്കു തന്നെ ഒരു പിടികിട്ടായ്കയായിരുന്നു. അവൾ ഓരോരോ സാദ്ധ്യതകളെ പുണർന്ന്, അതിൽനിന്ന് ജീവിതം പടുത്തുയർത്തി. അനുജന്റെ ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ തനിക്കൊരു പിടിവള്ളിയാകുമെന്നു കരുതിയ അവൾക്ക് വലിയ പ്രഹരമായിരുന്നു, അവൻ മയക്കുമരുന്നു കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടതും, കൊലപാതകിയായി മാറിയതും. ഒരു അനുജത്തി സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിൽ പെട്ടുപോയതും, മറ്റൊരു അനുജത്തി ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഒളിച്ചുപോയതും! എല്ലാം നഷ്ടപ്പെട്ട് പൂർണമായും ഒറ്റയ്ക്കായപ്പോൾ പ്രായം ഏറെ കടന്നുപോയിരുന്നു.
ബന്ധുക്കളുടെയും അയൽക്കാരുടെയും കുത്തുവാക്കുകൾ ജാനകിക്ക് എന്നും ഉണർവായിരുന്നു. ആ ഗ്രാമത്തിൽ ജാനകിയെ മനസിലാക്കിയ ഒരേയൊരാൾ വൈശാഖൻ മാഷ് മാത്രം. ജാനകി പഠിച്ച അതേ സ്കൂളിൽ സീനിയർ ആയി പഠിച്ച അദ്ദേഹത്തിന് ജാനകിയോട് ഏറെ ആരാധനയായിരുന്നു. നല്ല മനസുകൾക്ക് ദുഃഖം താങ്ങാനുള്ള കെല്പുള്ളതുകൊണ്ടാകും, മാഷിന്റെ ഭാര്യ നേരത്തേ തന്നെ അന്ത്യയാത്രയായി. രണ്ടു പെണ്മക്കളെയുംകൊണ്ട് മാഷ് ഒരുപാട് ബുദ്ധിമുട്ടി.
ഒരു ദിവസം വഴിമദ്ധ്യേ കണ്ടപ്പോൾ മാഷ് ജാനകിയോട് ചോദിച്ചു: 'പോരുന്നോ; എന്റെ മക്കളുടെ അമ്മയായി?" യൗവനം അസ്തമിച്ച് വർദ്ധക്യത്തിന്റെ പടിവാതില്ക്കലെത്തിയ ജാനകി എന്തു പറയണം എന്നറിയാതെ കഷ്ടപ്പെട്ടു.
വൈശാഖൻ മാഷ് ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ അവൾക്ക് ജീവിതത്തിൽ ഒരു തണൽ അനുഭവപ്പെട്ടതു പോലെയായി. അന്നോളം സ്നേഹം എന്നൊരു വികാരം ജാനകി അറിഞ്ഞിരുന്നില്ല. എന്തായാലും കൂടുതൽ ആലോചനയ്ക്ക് കാത്തുനിൽക്കാതെ അവൾ സമ്മതം മൂളി. അങ്ങനെ ജാനകി കുറച്ചു ദിവസം ജീവിതത്തിന്റെ സുഖമറിഞ്ഞു.
വൈശാഖൻ മാഷിന്റെ മക്കൾ മുതിർന്ന കുട്ടികളായതിനാൽ അവർക്ക് അച്ഛന്റെ ഒറ്റപ്പെടൽ നന്നേ അറിയാമായിരുന്നു. ജാനകിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഊടും പാവും പോലെ മുന്നോട്ടു നീങ്ങി. അവരുടെ കൊച്ചു ജീവിതത്തിൽ ദൈവം പോലും അസൂയപ്പെട്ടിട്ടുണ്ടാകാം. വൈശാഖൻ മാഷിന്റെ ജീവിതത്തിലും കാൻസർ വില്ലനായി. കൈയിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ചികിത്സ നടത്തി. പക്ഷേ സ്നേഹക്കൂടുതൽ കാരണമാകാം, ദൈവം അദ്ദേഹത്തെ മടക്കിവിളിച്ചു! ജാനകിയുടെ ജീവിതം എങ്ങനെ തുടങ്ങിയോ, അതേ അവസ്ഥയിൽത്തന്നെ വീണ്ടുമെത്തി. ഒറ്റ വ്യത്യാസം മാത്രം- കൂടപ്പിറപ്പുകൾക്കു പകരം മക്കൾ!
ശേഷമുള്ള ജീവിതം ജാനകി മക്കൾക്കായി സമർപ്പിച്ചു. രണ്ട് പെൺകുട്ടികൾ. മൂത്തവൾക്ക് ഒരു ചെറിയ ജോലി തരപ്പെട്ടുകിട്ടിയപ്പോൾ ജാനകി ആശ്വസിച്ചു. പക്ഷേ, അവൾ സ്വാർത്ഥയായതിനാൽ ആർക്കും ഒരു സഹായവും ചെയ്തതുമില്ല, മാത്രമല്ല; അരുതാത്ത ഒരു ബന്ധത്തിൽ ചെന്നുചാടുകയും ചെയ്തു. ഇളയ കുട്ടിക്ക് ജന്മനാ ഒരു മുടന്തുണ്ടായിരുന്നു. കാലം കടന്നുപോയി. ഇന്ന്, ജാനകി ജോലി ചെയ്ത് കൊണ്ടുവരുന്ന പണംകൊണ്ട് അവർ രണ്ടുപേരും ജീവിതം ഒരു കരയ്ക്ക് എത്തിച്ചുപോന്നു. വീണ്ടും വിധിയുടെ വിളയാട്ടം. ജാനകിയും ഇളയ കുട്ടിയും യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ട് അതിലുണ്ടായിരുന്ന എല്ലാവരും യാത്രയായി. മാഷിന്റെ മകളുടെ ദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പക്ഷേ ജാനകിയുടെ ദേഹം അനാഥമായി തണുത്തു വിറങ്ങലിച്ച് മോർച്ചറിയിൽ കിടന്നു. അപ്പോഴും ആ കൈകൾ ഒരിറ്റ് സ്നേഹം തിരയുന്നുണ്ടായിരുന്നു.
(തിരുവനന്തപുരം നെടുമങ്ങാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം ഫാക്കൽട്ടിയാണ് കഥാകൃത്ത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |